മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റില്‍ ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ 200 തികയ്ക്കാൻ അനുവദിക്കാതെ പുറത്താക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ. 195 റണ്‍സിന് ടീം ഒന്നടങ്കം പുറത്തായി. 132 പന്തില്‍ 48 റണ്‍സടിച്ച മാര്‍നസ് ലബ്യുഷെയ്നാണ് ഓസീസ് നിരയിലെ ടോപ്സ്കോറര്‍. നതാന്‍ ലയോണ്‍ (17 പന്തില്‍ 20) ഓസ്ട്രേലിയക്കായി ആഞ്ഞുവീശിയെങ്കിലും പോരാട്ടത്തിന് ഏറെ ആയുസ്സുണ്ടായില്ല.
പിന്തുടർന്ന ഇന്ത്യക്ക് 11 ഓവറിന് ശേഷം ആദ്യ ദിനത്തിൽ കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസാണ് നേടാനായത്. 28 റൺസ് നേടിയ ഗില്ലും ഏഴ് റൺസ് നേടിയ പൂജാരയുമാണ് ക്രീസിൽ. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഓവറിൽ തന്നെ റൺസൊന്നും നേടാതെയാണ് മായങ്ക് പുറത്തായത്.
ബുംറയും അശ്വിനും സിറാജും ചേർന്നാണ് ഒന്നാം ഇന്നിങ്സിൽ ഓസീസിനെ വിറപ്പിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും അശ്വിൻ മൂന്നും അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങിയ സിറാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയതൊഴിച്ചാല്‍ തുടക്കം മുതല്‍ക്കെ ഇന്ത്യയ്ക്കായിരുന്നു മെല്‍ബണില്‍ ആധിപത്യം. 15 ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് മൂന്നു മുന്‍നിര വിക്കറ്റുകളാണ് കങ്കാരുപ്പടയ്ക്ക് നഷ്ടമായത്. ജോ ബേണ്‍സ് (0), മാത്യു വെയ്ഡ് (30), സ്റ്റീവ് സ്മിത്ത് (0) എന്നിവര്‍ കൂടാരം കയറി.
അഞ്ചാം ഓവറില്‍ ഓപ്പണര്‍ ജോ ബേണ്നെ പുറത്താക്കിയായിരുന്നു ഇന്ത്യയുടെ തുടക്കം. ജസ്പ്രീത് ബുംറയാണ് ബേൺസനെ പുറത്താക്കിയത്. ഓഫ് സ്റ്റംപിന് പുറത്തു നിന്ന് ഉള്ളിലേക്ക് കയറിയ പന്തിനെ പ്രതിരോധിക്കാനുള്ള ബേണ്‍സിന്റെ ശ്രമം കീപ്പര്‍ ക്യാച്ചിലൂടെ പരാജയപ്പെട്ടു.
പ്രതീക്ഷയോടെ കളിച്ചുകൊണ്ടിരുന്ന മാത്യു വെയ്ഡിനെ പുറത്താക്കിയത് രവിചന്ദ്രന്‍ അശ്വിനാണ്. 13 ആം ഓവറിലെ അവസാന പന്തില്‍ ഒരിക്കല്‍ക്കൂടി അശ്വിനെ പറപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു വെയ്ഡ്. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റി അതിർത്തി കടത്താനടിച്ച പന്ത് ജഡേജയുടെ കൈയിലേക്കാണ് എത്തിയത്.
How good is that!
You can't keep @imjadeja out of action for too long. Playing his first Test of the tour, the all-rounder exhibits his top fielding skills with this amazing catch to dismiss Wade. #TeamIndia #AUSvIND pic.twitter.com/ZeEdgksLdr
— BCCI (@BCCI) December 26, 2020
15 ആം ഓവര്‍ എറിയാനെത്തിയ അശ്വിന് തന്നെയാണ് സ്റ്റീവ് സ്മിത്തിനേയും കൂടാരം കയറ്റിയത്. ഓവറിലെ മൂന്നാം പന്തില്‍ അശ്വിന് ഓഫ് ബ്രേക്ക് പരീക്ഷിച്ചപ്പോള്‍ സ്റ്റീവ് സ്മിത്ത് പാടെ കുഴങ്ങി. സ്ക്വയറിന് പിന്നിലേക്ക് പന്തിനെ തെറിപ്പിക്കാനായിുന്നു സ്മിത്ത് ശ്രമിച്ചത്. എന്നാല്‍ ബാറ്റില്‍ത്തട്ടിയ പന്ത് വായുവില്‍ കുതിക്കുകയും ലെഗ് സ്ലിപ്പില്‍ നിന്ന ചേതേശ്വര്‍ പൂജാര അവസരം കൈപ്പിടിയിലാക്കുകയും ചെയ്തു.
42-ാം ഓവറില്‍ ഓസ്ട്രേലിയക്ക് ട്രാവിസിനെ (92 പന്തില്‍ 38) നഷ്ടപ്പെട്ടു. ബുംറയായിരുന്നു ട്രാവിസിന്റെ അന്തകൻ. മുഹമ്മദ് സിറാജിനാണ് ലബ്യുഷെയ്ന്റെ വിക്കറ്റ്. അര്‍ധ സെഞ്ച്വറിക്ക് രണ്ടു റണ്‍സ് അകലെവെച്ച് ലബ്യുഷെയ്നെ (132 പന്തില്‍ 48) സിറാജ് തിരിച്ചയച്ചത്. കാമറോണ്‍ ഗ്രീന്‍ (60 പന്തില്‍ 12), ടിം പെയ്ന് (38 പന്തില്‍ 13), മിച്ചല്‍ സ്റ്റാര്‍ക്ക് (8 പന്തില്‍ 7) എന്നിവര്‍ക്കും സ്കോര്‍ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. ഒന്‍പതാമനായി നതാന്‍ ലയോണ്‍ മടങ്ങിയതിന് പിന്നാലെ ഓസ്ട്രേലിയയുടെ പോരാട്ടവും അവസാനിക്കുകയായിരുന്നു.
ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (നായകന്), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ: മാത്യു വെയ്ഡ്, ജോ ബേണ്‍സ്, മാര്‍നസ് ലബ്യുഷെയ്ന്, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന് (നായകന്, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.