പെർത്ത് ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു. അഡ്‌ലെയ്ഡിൽ നേടിയ ആദ്യ ടെസ്റ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് പെർത്തിൽ പിഴയ്ക്കുകയായിരുന്നു. 146 റൺസിനായിരുന്നു ഓസീസിനോട് ഇന്ത്യ പെർത്തിൽ പരാജയപ്പെട്ടത്. ഇതോടെ നാലു ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പമെത്തി.

പെർത്തിൽ നാലു പേസർമാരെ മുന്നിൽ നിർത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഒരു സ്പിന്നർ പോലും ടീമിൽ ഉണ്ടായിരുന്നില്ല. ഇതിന് ഇന്ത്യ വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും മികച്ച പ്രകടനം നടത്തിയെങ്കിലും ഇന്ത്യൻ ജയത്തിന് അത് ഗുണം ചെയ്തില്ല.

പെർത്തിൽ പേസർമാരെ മാത്രം ഉൾപ്പെടുത്തിയത് തെറ്റായ തീരുമാനമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുന്നു. പെർത്തിൽ ജയിക്കാൻ നാലു പേസർമാർ മതിയാകുമെന്നാണ് കരുതിയതെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്നുമാണ് മത്സരശേഷം കോഹ്‌ലി പറഞ്ഞത്.

”പെർത്തിലെ പിച്ചിൽ രവീന്ദ്ര ജഡേജയെ പോലുളള കളിക്കാരന്റെ സാധ്യതയെക്കുറിച്ച് ചിന്തിച്ചില്ല. ഇവിടെ ജയിക്കാൻ നാലു പേസർമാർ മതിയാകുമെന്ന് കരുതി. ഓസീസ് ബോളർ നഥാൻ ലിയോൺ മികച്ച രീതിയിലാണ് ബോളെറിഞ്ഞത്. സത്യസന്ധമായി പറയട്ടെ, പെർത്തിലെ പിച്ചിൽ സ്പിന്നർമാരുടെ സാധ്യതയെക്കുറിച്ച് ഒട്ടും ചിന്തിച്ചില്ല,” കോഹ്‌ലി പറഞ്ഞു.

Read: പെർത്തിൽ കീഴടങ്ങി ഇന്ത്യ; പരമ്പരയിൽ ഒപ്പമെത്തി ഓസ്ട്രേലിയ

അതേസമയം, ഇന്ത്യൻ പേസർമാരുടെ പ്രകടനത്തെയും കോഹ്‌ലി പ്രകീർത്തിച്ചു. ”നമ്മുടെ ബോളർമാർ വളരെ നല്ല പ്രകടനാണ് നടത്തിയത്. പ്രത്യേകിച്ച് രണ്ടാം ഇന്നിങ്സിൽ അവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.” ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നല്ല രീതിയിലാണ് കളിച്ചതെന്നും അടുത്ത മത്സരത്തിന് ഇത് ഞങ്ങൾക്ക് ഗുണമാകുമെന്നും കോഹ്‌ലി അഭിപ്രായപ്പെട്ടു. ”പെർത്തിൽ ഓസ്ട്രേലിയ ഞങ്ങളെക്കാൾ മികച്ച രീതിയിലണ് കളിച്ചത്, അതിനാൽ തന്നെ ജയം അവർ അർഹിക്കുന്നു,” കോഹ്‌ലി പറഞ്ഞു.

ഡിസംബർ 26 നാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്. മെൽബണിലെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ