ബാംഗ്ലൂർ: പുനെയിലെ നാണംകെട്ട തോൽവി ആവർത്തിക്കില്ല എന്ന് ആരാധകർക്ക് വിരാട് കോഹ്‌ലിയുടെ ഉറപ്പ്. ബാംഗ്ലൂരിൽ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിരാട് കോഹ്‌ലി. പൂനെയില്‍ ഇന്ത്യയുടേത് മോശം പ്രകടനമായിരുന്നുവെന്ന് അംഗീകരിച്ച കോഹ്‌ലി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലൊന്നും അത്തരമൊരു പ്രകടനം ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി. തോല്‍വികള്‍ കുറവുകള്‍ കണ്ടെത്താനുള്ള അവസരമാണെന്നും കോഹ്‌ലി പറഞ്ഞു.

പൂനെയിലെ ടീം സെലക്ഷനില്‍ പോരായ്മയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ടീം ജയിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ചോദ്യം ഉയരില്ലായിരുന്നല്ലോ എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. ഫലമാണ് ചോദ്യങ്ങളുടേ രീതി നിര്‍ണയിക്കുന്നതെന്നും കോഹ്‌ലി തമാശയായി പറഞ്ഞു. എന്നാൽ ബാംഗ്ലൂരിൽ ടീം ലൈനപ്പിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ​ എന്ന ചോദയത്തിന് കോഹ്‌ലി മറുപടി പറഞ്ഞില്ല.

കഴിഞ്ഞ മത്സരത്തിൽ നിറംമങ്ങിയ ജയന്ത് യാദവിനും ഇശാന്ത് ശർമ്മയ്ക്കും പകരം കരുൺ നായരെയും ബുവനേശ്വർ കുമാറിനെയും പരിഗണിക്കും എന്നാണ് റിപ്പോർട്ടുകൾ. റൺ കണ്ടെത്താൻ വിരാട് കോഹ്‌ലിയെ മാത്രം ആശ്രയിക്കുന്നു എന്ന ദുഷ്പേര് മായ്ക്കുന്നതിനായി കരുൺ നായരെ ടീമിലെടുക്കാനുള്ള സാധ്യത ഏറെയാണ്.അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ജയന്ത് യാദവിന് പകരം ഇടംകൈയന്‍ ചൈനാമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കിയേക്കും.

എന്നാൽ പൂണെയിൽ കളിച്ച അതേ ടീമിനെത്തന്നെയാണ് ഓസ്ട്രേലിയ ബാംഗ്ലൂരിലും ഇറക്കുന്നത്. വിന്നിങ്ങ് കോമ്പിനേഷൻ വളരെ നിർണ്ണായകമാണ് എന്ന് സ്റ്റീഫ് സ്മിത്ത് പ്രതികരിച്ചിരുന്നു.ബാംഗ്ലൂർ ടെസ്റ്റിൽ വിജയിക്കാനായാൽ ബോർഡർ- ഗവാസ്ക്കർ ട്രോഫി ഓസീസിന് നാട്ടിലേക്ക് കൊണ്ട് പോകാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ