ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആവേശകരമായ മത്സരത്തിന് ബെംഗളൂരു സാക്ഷ്യം വഹിച്ചപ്പോൾ വിജയം ഇന്ത്യക്ക് ഒപ്പം. ആദ്യ ടെസ്റ്റിൽ ഓസീസിനെതിരെ കൂറ്റൻ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന്റെ യഥാർഥ പോരാട്ടവീര്യമാണ് ഇന്ന് ബെംഗളൂരുവിൽ കണ്ടത്. ഇന്ത്യ​ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ​ഓസ്ട്രേലിയ 112 റൺസിന് പുറത്താവുകയായിരുന്നു. ബെംഗളൂരുവിലെ ചത്തപിച്ചിൽ ഓസീസിനെ എറിഞ്ഞിട്ട ഇന്ത്യൻ ബോളർമാരാണ് വിജയമൊരുക്കിയത്. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-1 ന് ഒപ്പമെത്തി.
test match, india, australia

നാലാം ദിനം 4/213 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലേ രഹാനെയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് കണ്ടത് ജോഷ് ഹെയ്സൽവുഡിന്റെ തകർപ്പൻ ബോളിങ്ങായിരുന്നു. വാലറ്റത്തെ തൂത്തെറിഞ്ഞ് ഹെയ്സൽവുഡ് ഇന്ത്യയെ 274 റൺസിന് പുറത്താക്കി. 92 റൺസ് എടുത്ത ചേതേശ്വർ പൂജാരെയും 20 റൺസ് എടുത്ത് പുറത്താകാതെ നിന്ന വൃദ്ധിമാൻ സാഹയുമാണ് ഇന്ത്യയുടെ ലീഡ് 187ൽ​ എത്തിച്ചത്.
test match, india, australia

ഇന്ത്യ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ സ്ഫോടനാത്മകമായ തുടക്കമാണ് നേടിയത്. എന്നാൽ റെൻഷോയെ സാഹയുടെ കൈകളിൽ എത്തിച്ച് ഇശാന്ത് ശർമ ആദ്യ വിക്കറ്റ് പിഴുതു. വാർണറെ വീഴ്ത്തി അശ്വിൻ ഇന്ത്യക്ക് മേധാവിത്വം നൽകി. ഉമേഷ് യാദവിന്രെ ഊഴമായിരുന്നു അടുത്തത്. സ്റ്റീഫൻ സ്മിത്തിനെയും ഷോൺ മാർഷിനെയും മടക്കി യാദവ് കങ്കാരുക്കളുടെ നടുവൊടിച്ചു. കൃത്യമായ​ ഇടവേളകളിൽ പിന്നീട് വിക്കറ്റുകൾ വീണു. ഇന്ത്യൻ പ്രതീക്ഷകൾക്ക് ഭീഷണിയാകുമെന്ന് കരുതിയ മിച്ചൽ മാർഷും, മിച്ചൽ സ്റ്റാർക്കും ഡ്വെയിൻ വെയിഡും അശ്വിന്റെ
മുന്നിൽ കീഴടങ്ങി.

വാലറ്റത്തെ തൂത്തുവാരി അശ്വിനും ജഡേജയും ഇന്ത്യയുടെ തിരിച്ചുവരവ് ഗംഭീരമാക്കി. 6 വിക്കറ്റ് വീഴ്ത്തി അശ്വിൻ ഇന്ത്യയുടെ വിജയശിൽപ്പിയായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ