രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക്; പിടിച്ചുകെട്ടാൻ ഇന്ത്യ

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 326 റൺസ് പിന്തുടർന്ന ഇന്ത്യ 283 റൺസിന് പുറത്താവുകയായിരുന്നു

പെർത്ത്: പെർത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കെതിരെ 43 റൺസിന്റെ ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തിട്ടുണ്ട്. ഇന്ത്യക്കെതിരെ ആകെ 175 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയയ്ക്കുള്ളത്. 41 റൺസ് നേടിയ ഉസ്മാൻ ഖ്വാജയും 8 റൺസുമായി നായകൻ ടിം പെയ്നുമാണ് ക്രീസിൽ.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 326 റൺസ് പിന്തുടർന്ന ഇന്ത്യ 283 റൺസിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന ശക്തമായ നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിന്റെ സ്പിന്നിന് മുന്നിൽ തകർന്നടിയുകയായിരുന്നു.

മൂന്നാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഉപനായകന്‍ അജിങ്ക്യ രഹാനെയെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇതിന് പിന്നാലെ സെഞ്ചുറിയുമായി കോഹ്‌ലി ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും നായകന്‍ വീണതോടെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നു.സെഞ്ചുറി നേട്ടത്തിന് പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിയെ നഷ്ടമായതോടെയാണ് ഇന്ത്യയുടെ പതനം ആരംഭിച്ചത്. 123 റണ്‍സെടുത്ത കോഹ്‌ലിയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്.

ഹനുമ വിഹാരി 20 റണ്‍സുമായി പുറത്തായി. പിന്നാലെ വന്ന മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മ്മയും അതിവേഗം തിരിച്ചു മടങ്ങി. 36 റണ്‍സുമായി ഋഷഭ് പന്തും പുറത്തായി. പന്തും ഉമേഷ് യാദവും പ്രതീക്ഷ നല്‍കിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതായി തോന്നിയെങ്കിലും പന്ത് വീണതോടെ ആ മോഹം അസ്തമിച്ചു. 4 റണ്‍സുമായി ഉമേഷ് യാദവും പുറത്തായി.ഓസീസ് ബോളര്‍മാരില്‍ നഥാന്‍ ലിയോണാണ് തിളങ്ങിയത്. ആദ്യ ടെസ്റ്റിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ ലിയോണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റുകള്‍ വീതവും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കമാണ് ഓസ്ട്രേലിയൻ ഓപ്പണർമാർ നൽകിയത്. ടീം സ്കോർ അർദ്ധസെഞ്ചുറി തികച്ച ശേഷമാണ് ഓസിസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. ആരോൺ ഫിഞ്ച് റിട്ടേട് ഹർട്ടാവുകയും ചെയ്തതോടെ ഉസ്മാൻ ഖ്വാജ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia 2nd test day 3 live cricket score perth

Next Story
‘ബാറ്റ് സംസാരിച്ചു, റെക്കോര്‍ഡുകള്‍ കാറ്റില്‍ പറന്നു’; പെര്‍ത്തില്‍ ചരിത്രം തിരുത്തി വിരാട് കോഹ്‌ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com