മെൽബൺ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓപ്പണർ മാത്യു വെയ്ഡിന്റെ ഇന്നിങ്സ് മികവിൽ ഓസ്ട്രേലിയ കരകയറുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ ലീഡ് മറികടക്കാൻ കങ്കാരുക്കൾക്ക് സാധിച്ചു. 40 റൺസെടുത്ത വെയ്ഡാണ് ഓസ്ട്രേലിയയുടെ ഇതുവരെയുള്ള ടോപ് സ്കോറർ.
നാല് റൺസുമായി ജോ ബേൻസും 28 റൺസെടുത്ത ലബുഷെയ്നും എട്ട് റൺസിൽ സ്റ്റീവ് സ്മിത്തും പുറത്തായപ്പോഴും വെയ്ഡ് ക്രീസിൽ നിലയുറപ്പിച്ചു. എന്നാൽ രവീന്ദ്ര ജഡേജ താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി. ട്രാവിസ് ഹെഡ് 17 റൺസെടുത്തപ്പോൾ നായകൻ ടിം പെയ്ൻ ഒരു റൺസിനാണ് പുറത്തായത്.
ഇന്ത്യയ്ക്ക് വേണ്ടി ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഓസീസിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 195 റണ്‍സിനു ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം 326 റണ്‍സെടുത്തു പുറത്തായി. 49 റൺസ് എടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായത്.
ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് (112) ടീമിന്റെ ടോപ്സ്കോറര്‍. രവീന്ദ്ര ജഡേജയാണ് (57) മറ്റൊരു പ്രധാന സ്കോറര്‍. അരങ്ങേറ്റക്കാരനായ ശുഭ്മാന്‍ ഗില്‍ 45 റണ്‍സ് നേടി. റിഷഭ് പന്ത് (29), ഹനുമാ വിഹാരി (21) എന്നിവരാണ് 20ന് മുകളില്‍ നേടിയ മറ്റുള്ളവര്‍. മൂന്നു വിക്കറ്റ് വീതമെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കും നതാന്‍ ലിയോണുമാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. പാറ്റ് കമ്മിന്‍സിനു രണ്ടു വിക്കറ്റ് ലഭിച്ചു.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 277 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. ആ സ്കോറിനോട് 17 റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോഴേക്കും ഇന്ത്യക്ക് നായകനെ നഷ്ടമായി. ടീമിന്റെ ടോപ്സ്കോററായ രഹാനെയാണ് ആദ്യം മടങ്ങിയത്. 112 റൺസെടുത്ത രഹാനെ റണ്ണൗട്ടാവുകയായിരുന്നു. 223 ബോളുകള്‍ നേരിട്ട രഹാനെയുടെ ഇന്നിങ്സില്‍ 12 ബൗണ്ടറികളുണ്ടായിരുന്നു. തൻ്റെ ടെസ്റ്റ് കരിയറിൽ ആദ്യമായാണ് താരം റണ്ണൗട്ടാവുന്നത്. ജഡേജയുമായി 121 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തതിനു ശേഷമാണ് രഹാനെ മടങ്ങിയത്.
Read More: മികച്ചൊരു ഇന്നിങ്സ്; രഹാനെയെ പ്രശംസിച്ച് കോഹ്ലി
ഫിഫ്റ്റിയടിച്ചതിനു പിന്നാലെ ജഡേജയും (57) മടങ്ങി. താരത്തെ മിച്ചൽ സ്റ്റാർക്ക് പാറ്റ് കമ്മിൻസിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒരു സഖ്യത്തെയും അധിക നേരം ക്രീസില്‍ തുടരാന്‍ ഓസീസ് ബൗളര്‍മാര്‍ അനുവദിച്ചില്ല.
എട്ടാം വിക്കറ്റില്‍ അശ്വിന്- ഉമേഷ് യാദവ് ജോടി 19 റണ്‍സെടുത്തെങ്കിലും ഉമേഷിനെ പുറത്താക്കി ഓസീസ് ഈ കൂട്ടുകെട്ട് തകര്‍ത്തു. ഒരു റണ്‍സ് കൂടി നേടുമ്പോഴക്കും ശേഷിച്ച രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ട ടീം ഇന്ത്യ കൂടാരം കയറി.
ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയയെ ഇന്ത്യ 195 റൺസിൽ വരിഞ്ഞു കെട്ടുകയായിരുന്നു. ആരും തന്നെ അർധ സെഞ്ചുറി കാണാതെ മടങ്ങിയ ഇന്നിങ്സില്‍ മാര്‍നസ് ലബ്യുഷെയ്നായിരുന്നു (48) ഓസീസ് ടോപ്സ്കോറര്‍. 132 ബോളുകളില്‍ നാലു ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. ട്രാവിസ് ഹെഡ് (38), മാത്യു വെയ്ഡ് (30) എന്നിവരാണ് ഭേദമില്ലാതെ കളിച്ച മറ്റു രണ്ടു പേർ.