പെർത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന നിലയിലാണ്. അർദ്ധസെഞ്ചുറി തികച്ച നായകൻ വിരാട് കോഹ്‍ലിയുടെയും ഉപനായകൻ അജിങ്ക്യ രഹാനെയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ കുതിക്കുന്നത്. ഏഴ് വിക്കറ്റുകൾ അവശേഷിക്കെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ മറികടക്കാൻ ഇന്ത്യക്ക് 154 റൺസ് കൂടി മതി.

രണ്ടാം ദിനം 277-6 എന്ന നിലയില്‍ കളി പുനരാരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് ഇന്ന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇശാന്ത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ബോളിങ് നിര ഓസ്ട്രേലിയയെ എറിഞ്ഞിടുകയായിരുന്നു. ഓസ്ട്രേലിയൻ ഇന്നിങ്സ് 326 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റാണ് ഇശാന്ത് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് പക്ഷെ തുടക്കം പിഴച്ചു. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് ഓപ്പണർമാരെ രണ്ട് പേരും പുറത്ത്. അക്കൗണ്ട് തുറക്കാതെ മുരളി വിജയ് മടങ്ങിയപ്പോൾ രണ്ട് റൺസ് മാത്രമായിരുന്നു ലോകേഷ് രാഹുലിന്റെ സമ്പാദ്യം.

ചേതേശ്വർ പൂജാര ചെറുത്തു നിൽപ്പിന് ശ്രമിച്ചെങ്കിലും 24 റൺസിന് പുറത്താവുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ നായകൻ വിരാട് കോഹ്‍ലിയും ഉപനായകൻ അജിങ്ക്യ രാഹനെയും ചേർന്ന് ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിക്കുകയായിരുന്നു. ഇരുവരും അർദ്ധ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 82 റൺസുമായി വിരാട് കോഹ്‍ലിിയും 51 റൺസ് നേടിയ അജിങ്ക്യ രാഹനെയുമാണ് ക്രീസിൽ.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയക്കായി മാര്‍ക്കസ് ഹാരിസും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് 112 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഹാരിസ് 70 റണ്‍സും ഫിഞ്ച് 50 റണ്‍സുമാണ് എടുത്തത്. പിന്നാലെ വന്ന ഉസ്മാന്‍ ഖ്വാജ അഞ്ച് റണ്‍സ് മാത്രമെടുത്തു മടങ്ങി. എന്നാല്‍ ഷോണ്‍ മാര്‍ഷ് ഒരു ഭാഗത്ത് നിലയുറപ്പിച്ചു. എഴ് റണ്‍സുമായി ഹാന്‍സ്‌കോമ്പും പുറത്തായതോടെ ഓസ്‌ട്രേലിയ തകര്‍ച്ച മണത്തെങ്കിലും ട്രാവിസ് ഹെഡ്ഡ് മാര്‍ഷിനൊപ്പം ചേര്‍ന്നതോടെ ഓസ്‌ട്രേലിയ കളിയിലേക്ക് തിരികെ വരികയായിരുന്നു. മാര്‍ഷ് 45 റണ്‍സെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് 58 റണ്‍സുമായി ക്രീസു വിട്ടു.

ഇന്ത്യക്കായി ഇഷാന്ത് ഷർമ്മ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook