പെര്‍ത്ത്: ഓപ്പണിങ് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കത്തിന്റെ കരുത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ ഓസീസ് സ്കോർ 299-6 എന്ന നിലയിലാണ്. 16 റണ്‍സുമായി ടിം പെയ്നും 11 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസിലുളളത്.

മാര്‍ക്കസ് ഹാരിസും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് 112 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഹാരിസ് 70 റണ്‍സും ഫിഞ്ച് 50 റണ്‍സുമാണ് എടുത്തത്. പിന്നാലെ വന്ന ഉസ്മാന്‍ ഖ്വാജ അഞ്ച് റണ്‍സ് മാത്രമെടുത്തു മടങ്ങി. എന്നാല്‍ ഷോണ്‍ മാര്‍ഷ് ഒരു ഭാഗത്ത് നിലയുറപ്പിച്ചു.

എഴ് റണ്‍സുമായി ഹാന്‍സ്‌കോമ്പും പുറത്തായതോടെ ഓസ്‌ട്രേലിയ തകര്‍ച്ച മണത്തെങ്കിലും ട്രാവിസ് ഹെഡ്ഡ് മാര്‍ഷിനൊപ്പം ചേര്‍ന്നതോടെ ഓസ്‌ട്രേലിയ കളിയിലേക്ക് തിരികെ വരികയായിരുന്നു. മാര്‍ഷ് 45 റണ്‍സെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് 58 റണ്‍സുമായി ക്രീസു വിട്ടു.

ഇന്ത്യയ്ക്കായി ഹനുമ വിഹാരിയും ഇശാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടിയിട്ടുണ്ട്.

അശ്വിനും രോഹിത് ശര്‍മ്മയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പകരം ഉമേഷ് യാദവിനേയും ഹനുമ വിഹാരിയേയും ടീമിലെടുത്തിട്ടുണ്ട്. പെര്‍ത്തില്‍ പേസ് ബോളര്‍മാരെ അനുകൂലിക്കുന്ന പിച്ച് ആയതിനാലാണ് ഉമേഷ് യാദവിനെ കൂടി ടിമില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ ജഡേജ ടീമിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അഡ്‌ലെയ്ഡില്‍ 86.5 ഓവറുകളാണ് അശ്വിൻ എറിഞ്ഞ് തീര്‍ത്തത്. അതില്‍ ആറ് വിക്കറ്റുകളുമുണ്ടായിരുന്നു.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയിരുന്നു. ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറി പ്രകടനത്തിന്റെ കരുത്തില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര ഇന്ത്യ വിജയത്തോടെ ആരംഭിക്കുന്നത് ഇതാദ്യമായിട്ടാണ്. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പരയില്‍ ലീഡുയര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook