ബെംഗളൂരു: ബംഗളൂരു ടെസ്റ്റിന്റെ മൂന്നാം ദിനം ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യൻ ടീം പോരാടുന്നു. 81 റൺസിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് സ്വന്തമാക്കിയ ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എടുത്തിട്ടുണ്ട്. 6 വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്കിപ്പോൾ 126 റൺസിന്റെ ലീഡാണുള്ളത്.

അഞ്ചാം വിക്കറ്റിൽ 93 റൺസിന്റെ അപരാജിത കൂട്ട് പടുത്തുയർത്തിയ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയുമാണ് ബെംഗളൂരുവിൽ ഇന്ത്യയുടെ രക്ഷകരായത്. നേരത്തെ രണ്ടാം ഇന്നിങ്ങ്സിലും മികച്ച പ്രകടനമായിരുന്നില്ല ഇന്ത്യൻ ബാറ്റ്സ്മാൻ തുടക്കത്തിൽ​ പുറത്തെടുത്തത്. തുടർച്ചയായ നാലാം ഇന്നിങ്ങ്സിലും അർധ സെഞ്ചുറി നേടിയ കെ.എൽ.രാഹുലൊഴികെ ആർക്കും കാര്യമായൊന്നും ചെയ്യാനായില്ല.​ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് 15 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അഭിനവ് മുകുന്ദ് 16 ഉം, രവീന്ദർ ജഡേജ 2 റൺസും എടുത്താണ് പുറത്തായത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സൽവുഡാണ് ഓസ്ട്രേലിയക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.

Read More: ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 87 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ചേതേശ്വർ പൂജാരയും, രഹാനെയും ഇന്ത്യൻ കോട്ട തകരാതെ കാത്തു. ഓസീസ് ബോളർമാരെ കരുതലോടെ നേരിട്ട ഇരുവരും ഇന്ത്യൻ സ്കോർ ചലിപ്പിച്ചു. ആറു ഫോറുകൾ ഉൾപ്പെടെയാണ് ചേതേശ്വർ പൂജാര 79 റൺസ് എത്തിയത്. 105 പന്ത് നേരിട്ട രഹാനെ മൂന്നു ഫോറുകൾ ഉൾപ്പടെ 40​ റൺസാണ് എടുത്തിട്ടുളളത്. രണ്ടു ദിവസവും ആറു വിക്കറ്റുകളും ശേഷിക്കെ ലീഡ് 300 കടത്താനാകും ഇന്ത്യയുടെ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ