ബെംഗളൂരു:ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിലും ഓസ്ട്രേലിയ്ക്ക് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ബെംഗളൂരുവിൽ നടന്ന രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 191 റൺസെന്ന കൂറ്റൻ വിജലക്ഷ്യം അവസാന ഓവറിലെ നാലാം പന്തിൽ ഓസ്ട്രേലിയ മറികടന്നു. മാക്സ്‌വെല്ലിന്റെ തകർപ്പൻ സെഞ്ചുറി മികവിലായിരുന്നു ഓസ്ട്രേലിയ വിജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര ഓസ്ട്രേലിയ തൂത്തുവാരി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 190 റൺസെടുത്തു. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്‌ലിയുടെയും തകർപ്പൻ അടികളുമായി കളം നിറഞ്ഞ ധോണിയുടെയും രാഹുലിന്റെയും പ്രകടനമാണ് കൂറ്റൻ സ്കോറിലേയ്ക്ക് ഇന്ത്യയെ നയിച്ചത്.

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 13 റൺസിൽ സ്റ്റോയിനിസിനെയും 22 റൺസിൽ ഫിഞ്ചിനെയും കങ്കാരുക്കൾക്ക് നഷ്ടമായി. എന്നാൽ പിന്നീട് കണ്ടത് ഷോട്ട് – മാക്സ്‌വെൽ കൂട്ടുകെട്ടിൽ കുതിയ്ക്കുന്ന കങ്കാരുപ്പടയെ. 28 പന്തിൽ 40 റൺസ് നേടി ഷോട്ട് പുറത്തായെങ്കിലും മാക്സ്‌വെൽ തകർത്തടിച്ചു.

കൗളും ചാഹലുമായിരുന്നു മാക്സ്‌വെല്ലിന്റെ പ്രധാന ഇരകൾ. 50 പന്തിൽ സെഞ്ചുറി തികച്ച മാക്സ്‌വെൽ ഓസ്ട്രേലിയയെ വിജയത്തിലേയ്ക്ക് നയിച്ചു. ഒമ്പത് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു മാക്സ്‌വെല്ലിന്റെ തകർപ്പൻ ഇന്നിങ്സ്. കഴിഞ്ഞ മത്സരത്തിന്റെ ആവർത്തനം പോലെ ജയം കാത്ത് രണ്ട് ടീമുകളും അവസാന ഓവറിലേയ്ക്ക്.

ആറ് പന്തിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടത് 9 റൺസ്. ആദ്യ രണ്ട് പന്തിൽ സിംഗിൾ. സിദ്ധാർത്ഥ് കൗളിന്റെ മൂന്നാം പന്ത് സിക്സും നാലാം പന്ത് ഫോറും പായിച്ച് മാക്സ്‌വെൽ ഇന്ത്യയെ ജയത്തിലേയ്ക്ക് നയിച്ചു. ഒപ്പം പരമ്പരയും ഓസ്ട്രേലിയയ്ക്ക്.

ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓപ്പണർമാരായ രാഹുലും ധവാനും ഇന്ത്യയ്ക്ക് നൽകിയത്. ധവാനെ ഒരറ്റത്ത് നിർത്തി രാഹുൽ കത്തികയറി. ടീം സ്കോർ 61 ൽ നിൽക്കെ അർധസെഞ്ചുറി തികയ്ക്കാതെ 47 റൺസിൽ രാഹുൽ മടങ്ങി. 11 റൺസുമായി പിന്നാലെ ധവാനും. ഋഷഭ് പന്തിന് ഇന്നും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.

പിന്നീട് ബാറ്റിങ്ങിന്റെ ഉത്തരവാദിത്വം കോഹ്‌ലിയും ധോണിയും ഏറ്റെടുക്കുകയായിരുന്നു. ഓസ്ട്രേലിയൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് നയകനും മുൻ നായകനും ചേർന്ന് ഇന്ത്യൻ സ്കോർബോർഡ് ഉയർത്തി. 38 പന്തിൽ ആറ് സിക്സും രണ്ട് ബൗണ്ടറിയും പറത്തി കോഹ്‌ലി 72 റൺസെടുത്തപ്പോൾ, ധോണിയുടെ സമ്പാദ്യം 23 പന്തിൽ 40 റൺസായിരുന്നു. മൂന്ന് സിക്സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്സ്. അവസാന ഓവറിൽ ധോണി പുറത്തായതിന് പിന്നാലെ എത്തിയ ദിനേശ് കാർത്തിക് ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി. അവസാന പന്ത് സിക്സ് പായിച്ച് ഇന്ത്യൻ നായകൻ ഇന്നിങ്സ് അവസാനിപ്പിച്ചു.

അടിമുടി മാറ്റവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ച ശിഖർ ധവാനെ രണ്ടാം മത്സരത്തിൽ ഇന്ത്യ തിരിച്ചുവിളിച്ചപ്പോൾ രോഹിത് ശർമ്മയെ പുറത്തിരുത്തി. കെ എൽ രാഹുലാകും ധവാനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യുക. ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, എം എസ് ധോണി എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി(നായകൻ), ശിഖർ ധവാൻ, കെ എൽ രാഹുൽ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, എം എസ് ധോണി, ക്രുണാൽ പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, സിദ്ധാർത്ഥ് കൗൾ, വിജയ് ശങ്കർ

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ