ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടി20 മത്സരം നാളെ നടക്കും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിയ്ക്കാണ് മത്സരം. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരം സന്ദർശകർ സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. അതുകൊണ്ട് തന്നെ പരമ്പരയിൽ ഒപ്പമെത്താനാകും ഇന്ത്യ ശ്രമിക്കുക. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഓസ്ട്രേലിയയും ഇറങ്ങുന്നതോടെ മത്സരം വാശിയേറിയതാകുമെന്ന് ഉറപ്പ്.

Also Read: രണ്ടാം ടി20: വിക്കറ്റ് വേട്ടയിൽ ചരിത്രം കുറിക്കാൻ ബുംറ

വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ അവസാന പന്തിലായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഇന്ത്യ ഉയർത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് അനായാസം വിജയം സ്വന്തമാക്കാമായിരുന്നു. എന്നാൽ ജസ്പ്രീത് ബുംറ എറിഞ്ഞ 19-ാം ഓവറാണ് മത്സരം അവസാന പന്ത് വരെ നീട്ടിയത്. 12 പന്തിൽ 16 റൺസ് ജയിക്കാൻ വേണമെന്നിരിക്കെ 19-ാം ഓവറെറിഞ്ഞ ബുംറ രണ്ട് റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റും വീഴ്ത്തി. എന്നാൽ അവസാന ഓവറിൽ ഉമേഷ് യാദവ് 14 റൺസ് വിട്ടുനൽകുകയായിരുന്നു.

Also Read: ഏറ്റവും മികച്ച നാല് ബോളർമാരിൽ രണ്ട് പേർ ഇന്ത്യക്കാർ: റാഷിദ് ഖാൻ

ഇന്ത്യൻ ബാറ്റിങ് നിരയുടെ കുറവുകൾ വ്യക്തമാക്കുന്ന മത്സരമായിരുന്നു വിശാഖപട്ടണത്ത്. ഓപ്പണിങ്ങിൽ രാഹുലിനെ ഇറക്കിയ തന്ത്രം വിജയിച്ചെങ്കിലും മറ്റ് താരങ്ങളുടെ പ്രകടനം ഇന്ത്യയ്ക്ക് ഗുണം ചെയ്തില്ല. കെ എൽ രാഹുൽ, നായകൻ വിരാട് കോഹ്‌ലി, എംഎസ് ധോണി എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇതോടെ ഇന്ത്യൻ സ്കോർ 126ൽ അവസാനിച്ചു.

രണ്ടാം മത്സരത്തിൽ കാര്യമായ അഴിച്ച് പണിയ്ക്ക് ടീമിൽ സ്ഥാനം സാധിതയില്ല. എന്നാൽ ബോളിങ്ങിൽ ഉമേഷ് യാദവിന് പകരം സിദ്ധാർത്ഥ് കൗളിനോ ഓൾറൗണ്ടർ വിജയ് ശങ്കറിനോ അവസരം ലഭിച്ചേക്കാം. വിശ്രമം അനുവദിച്ചിരിക്കുന്ന ശിഖർ ധവാനെ ഓപ്പണിങ്ങിൽ മടക്കികൊണ്ടുവരാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. അങ്ങനെയെങ്കിൽ ഋഷഭ് പന്തിനോ ദിനേശ് കാർത്തിക്കോ ടീമിന് പുറത്തിരിക്കേണ്ടി വരും.

Also Read: ‘നന്നാവൂ ഇല്ലെങ്കില്‍ നന്നാക്കും’; വ്യോമസേനയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങളും

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം എന്നതിലുപരി രണ്ട് കരുത്തരായ ടീമുകൾക്ക് ലോകകപ്പിന് മുന്നോടിയായി അവരുടെ അവസാന ഒരുക്കങ്ങൾക്കുള്ള അവസരമായിരിക്കും പരമ്പര. ശക്തരാണ് ഇരു ടീമുകളും. ഓസ്ട്രേലിയയിൽ നടന്ന ടി20 പരമ്പര സമനിലയിലാണ് അവസാനിച്ചത്. ഓരോ മത്സരങ്ങൾ വീതം ഇന്ത്യയും ഓസ്ട്രേലിയയും വിജയിച്ചപ്പോൾ ഒരു മത്സരം മഴകൊണ്ടുപോയി.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി(നായകൻ), രോഹിത് ശർമ്മ, കെ എൽ രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, എം എസ് ധോണി, ക്രുണാൽ പാണ്ഡ്യ, വിജയ് ശങ്കർ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, സിദ്ധാർത്ഥ് കൗൾ, മായങ്ക് മാർഖണ്ഡെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook