അഡ്ലെയ്ഡ്: ആവേശം അവസാന ഓവറോളം എത്തിയ അഡ്ലെയ്ഡ് ഏകദിനം സാക്ഷ്യം വഹിച്ചത് മറ്റൊരു എംഎസ് ക്ലാസിക്കിന്. ആദ്യ ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടും തോല്‍വിയുടെ പഴി കേട്ടത് മുഴുവന്‍ ധോണിയായിരുന്നു. തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കുമുള്ള മറുപടിയായിരുന്നു ഇന്നത്തെ വിജയം. ധോണി 54 പന്തില്‍ നിന്നും 55 റണ്‍സു നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക് 14 പന്തില്‍ നിന്നും 25 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
Also Read: അതിവേഗം സച്ചിന് പിന്നാലെ കുതിച്ച് കോഹ്ലി; ഏകദിനത്തിൽ പുതിയ നേട്ടവുമായി ഇന്ത്യൻ നായകൻ
അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സായിരുന്നു. ആദ്യ പന്ത് സിക്സടിച്ച് ധോണി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതേസമയം, തന്നെ അര്‍ധ സെഞ്ചുറി പിന്നിടുകയും ചെയ്തു മുന്‍ നായകന്. അഭിനന്ദിക്കാന്‍ ദിനേശ് കാര്‍ത്തിക് അരികിലെത്തിയപ്പോള്‍ തന്റെ ബാറ്റൊന്ന് ഉയര്‍ത്തി കാണിച്ച് ധോണി കാണികളെ അഭിവാദ്യം ചെയ്തു. പിന്നാലെ ക്രീസിലേക്ക് തിരിച്ചു നടന്നു. അടുത്ത പന്ത് സിംഗിളിനായി തട്ടിയിട്ട് ധോണി നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടിക്കയറി. റണ്‍ ഔട്ടിന് ഓസീസ് ഫീല്‍ഡര്‍മാര്‍ ശ്രമിച്ചെങ്കിലും ധോണിയുടെ വേഗത്തിന് മുന്നില്‍ അവര്‍ പരാജയപ്പെട്ടു.
Also Read: സിക്സടി വീരൻ രോഹിത്; ഗെയിലിനെ പിന്തള്ളി പുത്തൻ റെക്കോർഡ്
പതിവു പോലെ അമിതാവേശമോ വികാര പ്രകടനമോ ഇല്ലാതെ ധോണി ഓസീസ് താരങ്ങള്‍ക്ക് ഹസ്തദാനം നല്കി ഡ്രസിങ് റൂമിലേക്ക് മടങ്ങി. ആറ് വിക്കറ്റ് ബാക്കി നില്‍ക്കെ കംഗാരുപ്പട ഉയര്‍ത്തിയ 299 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ ഓസ്ട്രേിലയയ്ക്ക് ഒപ്പമെത്തി.
തന്റെ 39-ാം സെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് കളിയിലെ താരമെങ്കിലും ഇന്നത്തെ മത്സരം ധോണിക്ക് അവകാശപ്പെട്ടതാണ്. കാരണം അയാള്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം അത്രമാത്രമായിരുന്നു. കഴിഞ്ഞ കളിയിലും ധോണി അർധ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഇരട്ടിയോളം പന്തുകളില്‍ നിന്നുമായിരുന്നു ആ നേട്ടം. അതുകൊണ്ടു തന്നെ തോല്‍വിയുടെ കാരണം ധോണിയുടെ ഇഴയുന്ന ബാറ്റിങ് ആണെന്ന് വിമര്‍ശകരും ആരാധകരും പോലും പാടി നടന്നു. തന്നെ കളിയാക്കിയവര്‍ക്കുള്ള മറുപടിയായിരുന്നു ധോണിയുടെ ഇന്നത്ത പ്രകടനം.
Also Read: രഞ്ജി ട്രോഫി: ഗുജറാത്തിനെ പിടിച്ചുകെട്ടി കേരളം
വിരാട് പുറത്തായതോടെ ദിനേശ് കാര്‍ത്തിക് മത്സരം ഫിനിഷ് ചെയ്യുമെന്നും ധോണി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുമെന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവിടെ വച്ചു തന്നെ ധോണി കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തന്റെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കും വിധം ഡബിളുകളും ട്രിപ്പിളുകളും ഓടി ധോണി റണ്‍ റേറ്റ് ഉയര്‍ത്തി. ഓസീസ് പന്തുകളോളം തന്നെ ഇന്ത്യന്‍ താരങ്ങളെ വെല്ലുവിളിച്ചത് അഡ്ലെയ്ഡിലെ കാലാവസ്ഥയായിരുന്നു. കൊടും ചൂടില്‍ വിരാട് കോഹ്ലി പോലും വലഞ്ഞു. നിർജലീകരണം കാരണം പലപ്പോഴും ധോണി ബുദ്ധിമുട്ടി. ഡബിള്‍ ഓടിയെത്തിയ ശേഷം കുനിഞ്ഞ് നിന്ന് ശ്വാസം എടുക്കുന്ന ധോണി ആരാധകരെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. തൊട്ടടുത്ത പന്തില്‍ വീണ്ടും സിംഗിളിനായി ഓടി, അതും ദിനേശ് കാര്‍ത്തിക്കിനേക്കാള്‍ വേഗത്തില്‍, ധോണി ആവേശമായി മാറി.
Also Read: വിമർശകരുടെ വായടപ്പിച്ച് ധോണി; ഹാൻഡ്സ്കോംബിനെ കുടുക്കിയ മിന്നൽ സ്റ്റംപിങ്
മത്സരശേഷം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പറഞ്ഞത് ”ഇന്നത്തേത് ഒരു എംഎസ് ക്ലാസിക് ആയിരുന്നു” എന്നാണ്. എണ്ണിയാല്‍ ഒടുങ്ങാത്ത അത്ര തവണ അയാള്‍ ഇങ്ങനെ നമ്മളെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ആ ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി കൊണ്ടു പോകാനും തന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയുമായി അര്‍ധ സെഞ്ചുറി നേടിയ ശേഷം ധോണിയുടെ മുഖത്ത് വിരിഞ്ഞ ആ പതിഞ്ഞ പുഞ്ചിരി.