കൊൽക്കത്ത: മഴ ഭാഗികമായി മുടക്കിയ ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ഏകദിനത്തിന് പിന്നാലെ രണ്ടാം ഏകദിന മത്സരവും മുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. കാലാവസ്ഥ റിപ്പോർട്ടുകൾ പ്രകാരം കൊൽക്കത്തയിൽ കനത്ത മഴ കളിക്ക് തടസ്സമായി പെയ്യുമെന്നാണ് റിപ്പോർട്ട്.

കളി സമയത്തിന്റെ സിംഹഭാഗവും മൈതാനത്ത് മഴയാകും കളിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 50 ഓവറിൽ ഇന്ത്യ 282 റൺസ് നേടിയ ഒന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയുടെ ബാറ്റിംഗ് തുടങ്ങാൻ മണിക്കൂറുകൾ മഴമൂലം വൈകിയിരുന്നു. ഇതേ തുടർന്ന് മത്സരത്തിലെ 29 ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വന്നു.

21 ഓവറിൽ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനെതിരെ 26 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 5.64 റൺസ് ശരാശരിയിൽ ബാറ്റ് ചെയ്യേണ്ടിയിരുന്ന ഓസീസിന് മഴ കളിച്ചത് മൂലം 7.8 റൺസ് ഒരോവറിൽ നേടണമെന്നായി.

നതാൻ കോൾട്ടർനെയിലിന് മുന്നിൽ മുനയൊടിഞ്ഞുപോയ ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാർക്ക് മികച്ച നിലയിൽ ബാറ്റ് വീശാനുള്ള അവസരമായി കൂടിയാണ് രണ്ടാം ഏകദിനത്തെ കണ്ടത്. ഒന്നാം ഏകദിനത്തിൽ ഇവരെല്ലാം പരാജയപ്പെട്ടതോടെ ഇന്ത്യ ഒരു ഘട്ടത്തിൽ 87/5 എന്ന നിലയിലേക്ക് വീണിരുന്നു. പിന്നീട് ധോണിയും ഹർദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്.

പക്ഷെ കാലാവസ്ഥ റിപ്പോർട്ടുകളെ അസ്ഥാനത്താക്കി മഴ മാറി നിൽക്കുകയാണെങ്കിൽ 2003 ലെ ടിവിഎസ് കപ്പിന് ശേഷം ഈഡൻ ഗാർഡനിൽ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരമാകും ഇത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ