വഡോദര: ഓസ്‌ട്രേലിയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീം പരുങ്ങലിലാണെങ്കിലും പൂജ വസ്ത്രകാര്‍ തിളങ്ങുകയാണ്. ആദ്യ ഏകദിനത്തില്‍ അര്‍ധസെഞ്ച്വറി നേടി ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചതും രണ്ടാം ഏകദിനത്തില്‍ 30 റണ്‍സുമായി പൊരുതിയും പൂജ ഇന്ത്യയുടെ മാനം കാക്കുകയായിരുന്നു. രണ്ട് ഏകദിനത്തിലും ഇന്ത്യ പരാജയപ്പെട്ടെങ്കിലും പൂജയുടെ പ്രകടനം ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.

ഇന്നത്തെ കളിയില്‍ ബാറ്റുകൊണ്ട് പൂജ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒപ്പം സ്‌കോര്‍ബോര്‍ഡിന്റെ സ്ഥാനം മാറ്റുന്നതിനെ കുറിച്ച് അധികൃതരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു പൂജ. ജെസ് ജൊനാസെന്‍ എറിഞ്ഞ ഓസ്‌ട്രേലിയയുടെ 40ാമത്തെ ഓവറിലായിരുന്നു സംഭവം.

ജെസിന്റെ പന്ത് യാതൊരു ശങ്കയുമില്ലാതെ പൂജ മുന്നോട്ട് കയറി വന്ന് അതിര്‍ത്തി കടത്തി വിടുകയായിരുന്നു. മിഡ് വിക്കറ്റിലൂടെ പറന്ന പന്ത് ബൗണ്ടറി ലൈനും കടന്ന് പതിച്ചത് സ്‌കോര്‍ബോര്‍ഡിന്റെ മുകളിലായിരുന്നു. അടിയുടെ ആഘാതത്തില്‍ സ്‌കോര്‍ബോര്‍ഡ് തകര്‍ന്നു പോയി. പൂജയുടെ സിക്‌സും സ്‌കോര്‍ബോര്‍ഡ് തകരുന്നതും കണ്ട് ജെസ് പോലും ചിരിച്ചു പോയി.

രണ്ടാം ഏകദിനത്തിലും ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരിക്കുകയാണ്. 60 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് കളിയും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര ഉറപ്പിക്കുകയും ചെയ്തു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 227 ന് പുറത്താവുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook