IND vs AUS 2nd ODI Score: രാജ്കോട്ട്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം. 36 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 340 റൺസ് പിന്തുടർന്ന ഓസീസിന്റെ ഇന്നിങ്സ് 304 ൽ അവസാനിച്ചു. 49.1 ഓവറിൽ 304 റൺസിന് ഓസ്ട്രേലിയയുടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. അഞ്ച് പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഏകദിന പരമ്പര 1-1 എന്ന നിലയിലായി. അവസാന ഏകദിനം ഇരു ടീമുകൾക്കും നിർണായകമാകും.

ഇന്ത്യയുടെ സ്‌കോർ പിന്തുടർന്ന ഓസ്‌ട്രേലിയയ്‌ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇടവേളകളിലെ വിക്കറ്റ്‌വീഴ്‌ച തിരിച്ചടിയായി. ഓസീസിനുവേണ്ടി സ്റ്റീവ് സ്‌മിത്ത് 102 പന്തിൽ നിന്ന് 98 റൺസ് നേടി. മാർനസ് ലാബുഷെ‌യ്‌ൻ 46 റൺസ് നേടി. മറ്റാർക്കും കാര്യമായ പ്രകടനം നടത്താൽ സാധിച്ചില്ല. ഇന്ത്യയ്‌ക്ക് വേണ്ടി മൊഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ നേടി. നവദീപ് സെെനി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.

നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 340 റൺസെടുത്തു. ശിഖർ ധവാൻ (96) ആണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. കെ.എൽ.രാഹുൽ 80 റൺസും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി 79 റൺസുമെടുത്തു. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇന്ത്യയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ചേർന്നുളള കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ ഉയർത്തി. 42 റൺസെടുത്ത രോഹിത് ശർമയെ ഓസ്ട്രേലിയൻ ബോളർ സാംബ എൽബിഡബ്ല്യുവിലൂടെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു.

dhawan, ie malayalam

പക്ഷേ മൂന്നാമനായി ഇറങ്ങിയ കോഹ്‌ലിയാകട്ടെ ധവാന് മികച്ച പിന്തുണ നൽകി വീണ്ടും സ്കോർ നില ഉയർത്തി. കോഹ്‌ലി 78 റൺസെടുത്തും ധവാൻ 96 റൺസെടുത്തും പുറത്തായതോടെ ഇന്ത്യൻ നില പരുങ്ങലിലായി.

virat kohli, ie malayalam

അധികം വൈകാതെ തന്നെ 7 റൺസുമായി ശ്രേയസ് അയ്യർ കളം വിട്ടു. കെ.എൽ.രാഹുലാണ് പിന്നീട് കളി ഏറ്റെടുത്തത്. രാഹുലിന്റെ മികച്ച ഇന്നിങ്സാണ് ഇന്ത്യൻ സ്കോർ 300 ൽ കടത്തിയത്. ഫോറും സിക്സും ഉയർത്തി രാഹുൽ അതിവേഗം തന്നെ അർധസെഞ്ചുറി നേടി. 80 റൺസെടുത്ത രാഹുൽ അവസാന ഓവറിൽ റൺഔട്ടിലൂടെയാണ് പുറത്തായത്. രവീന്ദ്ര ജഡേജ പുറത്താകാതെ 20 റൺസെടുത്തു.

kl rahul, ie malayalam

ഓസ്ട്രേലിയയ്ക്കായി സാംബ മൂന്നും റിച്ചാർഡ്സൺ രണ്ടും വിക്കറ്റെടുത്തു. ആദ്യ ഏകദിനത്തിൽ കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയ സാംബ തന്നെയാണ് രണ്ടാം ഏകദിനത്തിലും ഇന്ത്യൻ നായകനെ പുറത്താക്കിയത്. മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ 10 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയ 255 റൺസ് ഒരു വിക്കറ്റ് പോലും നഷ്‌ടപ്പെടാതെ ഓസീസ് മറികടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook