കൊൽക്കത്ത: വിജയക്കുതിപ്പ് തുടർന്ന് വിരാട് കോഹ്‌ലിയും സംഘവും. ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനത്തിലും വിജയം ആഘോഷിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. 50 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 252 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 202 റൺസിന് പുറത്താവുകയായിരുന്നു. ഹാട്രിക്ക് നേടിയ കുൽദീപ് യാദവും 3 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറുമാണ് ഓസ്ട്രേലിയയെ തകർത്തത്.

ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയ ലക്ഷ്യം പിന്തുടരാൻ സ്റ്റീവ് സ്മിത്തും മാർക്കസ് സ്റ്റോണിസും മാത്രമാണ് പൊരുതിയത്. 76 പന്തിൽ 59 റംൺസ് നേടി സ്മിത്ത് ക്യാപ്റ്റന്റെ പ്രകടനം ഒരിക്കൽക്കൂടി പുറത്തെടുത്തു. 65 പന്തിൽ 62 റൺസ് എടുത്ത സ്റ്റോണിസ് പുറത്താവാതെ നിൽക്കുകയും ചെയ്തു. പക്ഷെ കൃത്യമായ ഇടവേളകളിൽ കങ്കാരുക്കളുടെ വിക്കറ്റുകൾ പിഴുത് ഇന്ത്യൻ ബോളർമാർ വിജയം വെട്ടിപ്പിടിക്കുകയായിരുന്നു. 32 ആം ഓവറിൽ കുൽദീപ് നേടിയ ഹാട്രിക്ക് ഓസ്ട്രേലിയ തകർക്കുകയായിരുന്നു. മാത്യു വെയ്ഡ്, ആഷ്ടൺ ആഗർ, പാറ്റ് കമ്മിൻസ് എന്നിവരുടെ വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ താരമാണ് കുൽദീപ് യാദവ്. കപിൽ ദേവ്, ചേതൻ ശർമ്മ എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

3 വിക്കറ്റ് നേട്ടം കൊയ്ത ഭുവനേശ്വർ കുമാറും നിർണ്ണായക പ്രകടനമാണ് പുറത്തെടുത്തത്. 6.1 ഓവറിൽ 9 റൺസ് വഴങ്ങി 3 വിക്കറ്റുകളാണ് ഭുവി നേടിയത്. ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത വിരാട് കോഹ്‌ലിയാണ് കളിയിലെ താരം.

നേരത്തെ ഈഡനിൽ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത വിരാട് കോഹ്‌ലിക്കും സംഘത്തിനും മികച്ച തുടക്കമല്ല ലഭിച്ചത്. രോഹിത്ത് ശർമ്മയെ നേരത്തെ മടക്കി നൈഥൻ കോർട്ടർനൈൽ ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാൽ കോഹ്‌ലിയും രഹാനയും ഇന്ത്യയെ മുന്നോട്ട് നയിച്ചു. അർധസെഞ്ചുറി നേടിയ ഇരുവരും സ്കോർ ബോർഡ് ചലിപ്പിച്ചു.

രഹാനെ 64 പന്തിൽ നിന്ന് 55 റൺസും, കോഹ്‌ലി 107 പന്തിൽ 92 റൺസുമാണ് നേടിയത്. സെഞ്ചുറിക്ക് 8 റൺസ് അകലെ വിരാട് കോഹ്‌ലി വീണതിന് ശേഷം ഇന്ത്യ പതറി. 20 റൺസ് വീതം നേടിയ ഭുവനേശ്വർ കുമാറും ഹർദ്ദിഖ് പാണ്ഡ്യയുമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook