അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 299 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. ഷോൺ മാർഷിന്റെ മികച്ച ബാറ്റിങ്ങാണ് ഓസ്ട്രേലിയക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. മാർഷ് 131 റൺസെടുത്തു.

ഓസ്ട്രേലിയയുടെ തുടക്കം മോശമായിരുന്നു. ഓപ്പണർമാരായ 18 റൺസെടുത്ത അലക്സ് കാറെയെയും 6 റൺസെടുത്ത ആരോൺ ഫിഞ്ചിനെയും തുടക്കത്തിലേ നഷ്ടമായി. മുഹമ്മദ് ഷമിക്കും ഭുവനേശ്വർ കുമാറിനുമായിരുന്നു വിക്കറ്റ്. പിന്നാലെ 21 റൺസെടുത്ത ഉസ്മാൻ ഖ്വാജയെ റൺഔട്ടിലൂടെ രവീന്ദ്ര ജഡേജ പുറത്താക്കി.

ഹാൻഡ്സ്‌കോംബ് 20 റൺസെടുത്ത് നിൽക്കെ സ്റ്റംപിങ്ങിലൂടെ ധോണി പവലിയനിലേക്ക് മടക്കി. പിന്നാലെ 29 റൺസുമായി മുഹമ്മദ് ഷമിയുടെ ബോളിൽ സ്റ്റോയ്നിസും പുറത്തായി. ഇതിനിടയിൽ മാർഷ് സെഞ്ചുറി പൂർത്തിയാക്കി. സ്റ്റോയ്നിസിന് പിന്നാലെ ഇറങ്ങിയ മാക്സ്‌വെൽ സെഞ്ചുറി നേടിയ മാർഷിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ഓസിസിനെ മുന്നോട്ടു നയിച്ചു.

തുടക്കത്തിൽ ഓസ്ട്രേലിയയെ പിടിച്ചുകെട്ടിയ ഇന്ത്യൻ നിരയ്ക്ക് പിന്നീട് പിഴച്ചു. മാർഷിന്റെയും മാക്‌സ്‌വെല്ലിന്റെയും കൂട്ടുകെട്ടിൽ ഓസിസ് സ്കോർബോർഡിൽ റൺമല കൂടി. ഇരുവരും സിക്സറും ഫോറും പറത്തി ഇന്ത്യൻ ബോളർമാരെ വെല്ലുവിളിച്ചു.

അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇരുവരും പുറത്തെടുത്തത്. 48 റൺസെടുത്താണ് മാക്‌സ്‌വെൽ കളം വിട്ടത്. മാർഷ് 131 റൺസെടുത്ത് പുറത്തായി. ഇതോടെ ഓസിസിന്റെ സ്കോർ ബോർഡ് നിലച്ചു. പിന്നാലെ ഇറങ്ങിവരൊക്കെ പെട്ടെന്ന് തന്നെ മടങ്ങി. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ നാലു വിക്കറ്റ് വീഴ്ത്തി. ഷമി രണ്ടും ജഡേജ ഒരു വിക്കറ്റുമെടുത്തു.

ഇന്ത്യന്‍ നിരയില്‍ ഖലീല്‍ അഹമ്മദിന് പകരം മുഹമ്മദ് സിറാജിന് അവസരം ലഭിച്ചു. സിറാജിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. അതേസമയം, ഓസ്‌ട്രേലിയന്‍ ഇലവനില്‍ മാറ്റമില്ല. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ ആണ് മുന്നില്‍. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

സിഡ്നി ഏകദിനത്തിൽ 34 റൺസിനായിരുന്നു ഇന്ത്യൻ പരാജയം. ഇന്ത്യയുടെ ആറു ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. രോഹിത്തും ധോണിയും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. രോഹിത് ശർമ്മയുടെ സെഞ്ചുറിയും എം.എസ്.ധോണിയുടെ അർധ സെഞ്ചുറിയും നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook