നാഗ്പൂർ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. 8 റണ്‍സിനാണ് ഇന്ത്യ ഓസീസിനോട് ജയിച്ചത്. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി
251 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 49.3 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്തായി. അവസാന ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു. എന്നാല്‍, തന്റെ രണ്ടാം ഓവർ എറിയാനെത്തിയ വിജയ് ശങ്കർ മിന്നും ഫോമിലായിരുന്ന സ്റ്റോയിന്‍സിനേയും പിന്നാലെ സാംബയേയും പുറത്താക്കി. 65 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 52 റൺസെടുത്ത മാർക്കസ് സ്റ്റോയ്നിസാണ് ഓസീസിന്റെ ടോപ് സ്കോറർ.
കരിയറിലെ 40ാം ഏകദിന സെഞ്ച്വറി കുറിച്ച നായകൻ കോഹ്ലിയുടെ മികവിൽ ആയിരുന്നു 251 റൺസ് നേടിയത്. 48.2 ഓവറിൽ ഇന്ത്യ 250 റൺസിന് ആൾ ഔട്ടായി. തുടക്കത്തിലും ഇടയ്ക്കും വിക്കറ്റുകൾ പൊടുന്നനെ കൊഴിഞ്ഞിട്ടും വീറോടെ പൊരുതിയ കോഹ്ലിയുടെ 116 റൺസിൻറെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്കോർ നൽകിയത്.
ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ രോഹിത് ശർമ സ്കോർ ബോർഡ് തുറക്കും മുൻപ് പവലിയനിൽ തിരിച്ചെത്തി. ശിഖർ ധവാൻ (21), അന്പാട്ടി റായിഡു (18) എന്നിവരും പെട്ടന്ന് പോയതോടെ ഇന്ത്യ 75/3 എന്ന നിലയിലായി. അഞ്ചാമനായി ക്രീസിൽ എത്തിയ യുവതാരം വിജയ് ശങ്കർ നായകനൊപ്പം ചേർന്നതോടെയാണ് ഇന്ത്യൻ സ്കോർ ഉയർന്നു തുടങ്ങിയത്. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ വിജയ് ശങ്കർ 41 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പടെ 46 റണ്‍സ് നേടി.
നാലാം വിക്കറ്റിൽ വിലപ്പെട്ട 89 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ലെഗ് സ്പിന്നറ ആദം സംപയാണ് ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകിയത്. മികച്ച ഫോമിൽ കളിക്കുകയായിരുന്ന വിജയ് ശങ്കർ റണ്ണൗട്ടായതാണ് തിരിച്ചടിയായത്. സംപയുടെ പന്ത് കോഹ്ലി സ്ട്രൈറ്റ് ഡ്രൈവ് ചെയ്തത് ബൗളറുടെ കൈവിരലിലുരുമി നോൺ സ്ട്രൈക്കർ എൻഡിലെ സ്റ്റംപിൽ പതിക്കുമ്പോൾ വിജയ് ശങ്കർ കഷ്ടിച്ച് ക്രീസിന് പുറത്തായിരുന്നു. അധികം വൈകാതെ കേദാർ ജാദവിനെ ആരോൺ ഫിഞ്ചിന്റെ കൈയിലെത്തിച്ച സംപ തൊട്ടടുത്ത പന്തിൽ ധോണിയെ റണ്ണെടുക്കാതെ സ്ലിപ്പിൽ ഉസ്മാൻ ഖവാജയുടെ കൈകളിൽ എത്തിച്ച് ഹാട്രികിൻറെ വക്കിലെത്തിയതുമാണ്. ദൗർഭാഗ്യം കൊണ്ടാണ് സംപയുടെ ഹാട്രിക് വഴിമാറിയത്.