പൂണെ: ഇന്ത്യൻ ടീം സ്വപ്നത്തിൽ പോലും ഇങ്ങനൊരു പരാജയം പ്രതീക്ഷിച്ചു കാണില്ല. തുടർജയങ്ങളുടെ ആത്മവിശ്വാസം കരുത്താക്കിയ കോഹ്‌ലിയും സംഘവും തങ്ങൾ കുഴിച്ച കുഴിയിൽ തന്നെ വീണു എന്ന് പറയാം. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചൊരുക്കിയ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയ അതേ നാണയത്തിലാണ് തിരിച്ചടി നൽകിയത്. വിറളിവെളുത്ത കോഹ്‌ലിയുടെ മുഖം ആദ്യമായിട്ടായിരിക്കും ആരാധകർ കാണുന്നത്.

ഇന്ത്യയെ അളന്ന് കങ്കാരുക്കൾ

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപ് ദുബായിൽ പ്രത്യേക പരിശീലനം നടത്തിയാണ് കങ്കാരുക്കൾ എത്തിയത്. ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ ടീമിലെ എല്ലാ അംഗങ്ങൾക്കും പ്രത്യേക പരിശീലനം ലഭിച്ചു, രവിചന്ദൻ അശ്വിന്റേയും, രവീന്ദ്ര ജഡേജയുടെയും പന്തുകളെ നേരിടാനും സ്റ്റീഫൻ സ്മിത്തിന്റെ കങ്കാരുക്കൾ പദ്ധതി​ ഒരുക്കി. ഇന്ത്യയുടെ പഴയ താരം എസ്.ശ്രീറാമിനെയും ഇംഗ്ലീഷ് സ്പിന്നർ മോണ്ടി പനേസറിനേയും പരിശീലന സംഘത്തിൽ​ ഉൾപ്പെടുത്തിയതും നേട്ടമായി. നൈഥൻ ലയോണും സ്റ്റീഫൻ​ ഒക്കീഫുമാണ് ഇന്ത്യയെ കശക്കി എറിഞ്ഞത്.

ടോസ് ഓസീസിന് അനുകൂലം

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് നിർണായകമായിരുന്നു.​ ആ ഭാഗ്യം ഓസ്ട്രേലിയൻ നായകനൊപ്പമായിരുന്നു. ടോസ് നഷ്ടപ്പെട്ടത് ദൗർഭാഗ്യകരമായിപ്പോയി എന്ന് നിരാശ മറച്ചുവയ്ക്കാതെ മൽസരശേഷം കോഹ്‌ലി പറഞ്ഞിരുന്നു . മത്സരം പുരോഗമിക്കും തോറും പിച്ച് സ്പിന്നർമാർക്ക് അനുകൂലമാകും എന്നതായിരുന്നു ഇതിന് കാരണം.

പിടിച്ചു നിൽക്കാൻ കഴിയാതെ ബാറ്റ്സ്മാന്മാർ

വിരാട് കോഹ്‌ലി അടങ്ങുന്ന ബാറ്റിങ് നിര തകർന്നതായിരുന്നു ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണം. ആദ്യ​ ഇന്നിങ്സിലെ കെ.എൽ.രാഹുലിന്റെ അർധ സെഞ്ചുറി ഒഴിച്ചാൽ റൺ കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. അനാവശ്യ ഷോട്ടുകൾക്ക് മുതിർന്ന് പലരും വിക്കറ്റുകളും വലിച്ചെറിയുകയായിരുന്നു. ഓസ്ട്രേലിയൻ സ്പിന്നർമാരെ ഭയത്തോടെ നേരിട്ടതും നാണക്കേടായി.

സ്മിത്ത് ഫാക്ടർ

പ്രതിസന്ധികളിൽ കടന്നാക്രമിക്കുന്ന പഴയ ഓസ്ട്രേലിയൻ ശൈലിയാണ് സ്റ്റീഫൻ സ്മിത്ത് പുറത്തെടുത്തത്. ലോക ഒന്നാം നമ്പർ ബോളർ അശ്വിനെയും ജഡേജയേയും സമർദ്ദമായാണ് സ്മിത്ത് നേരിട്ടത്. ആദ്യ ഇന്നിങ്സിൽ​ അർധസെഞ്ചുറി നേടിയ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനവും നിർണായകമായി. ഏകദിന ശൈലിയിൽ ആയിരുന്നു സ്റ്റാർക്കിന്റെ ബാറ്റിങ്.

ഏതൊരു ടീമിനും ഒരു മോശം മത്സരം ഉണ്ടാകും എന്ന കുംബ്ലയുടെ വാക്കുകൾ ടീം അംഗങ്ങളെയും ആരാധകരെയും ആശ്വസിപ്പിച്ചേക്കാം. പക്ഷെ അടുത്ത മത്സരങ്ങളിൽ കയ്യും മെയ്യും മറന്ന് പോരാടിയാൽ മാത്രമേ ഇന്ത്യക്ക് തിരിച്ചുവരാനാകൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ