മുംബൈ: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മൽസരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 153 റൺസ് വിജയലക്ഷ്യം. സ്മൃതി മന്ദാനയുടെ അർദ്ധസെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടിയത്. എന്നാൽ തുടരെ വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന നാല് ഓവറുകളിൽ ഇന്ത്യ 47 റൺസാണ് അടിച്ചുകൂട്ടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഓപ്പണർമാർ നല്ല തുടക്കമാണ് നൽകിയത്. താളം കണ്ടെത്താൻ വിഷമിച്ച മിതാലി രാജ് 27 പന്ത് നേരിട്ട് 18 റൺസുമായി മടങ്ങി. എന്നാൽ സ്മൃതി മന്ദാന മറുവശത്ത് ശക്തമായി നിലയുറപ്പിച്ചു. 41 പന്ത് നേരിട്ട മന്ദാന 11 ഫോറും രണ്ട് സിക്സുമടക്കം 67 റൺസ് നേടി. എന്നാൽ തൊട്ട് പിന്നാലെ ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഹർമൻപ്രീത് കൗർ, ജെമിമ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

എന്നാൽ വേദ കൃഷ്ണമൂർത്തി പത്ത് പന്തിൽ 15 റൺസും അനുജ പട്ടേൽ 21 പന്തിൽ 35 റൺസും നേടി കൂട്ടുകെട്ടുണ്ടാക്കിയത് ഇന്ത്യക്ക് നേട്ടമായി. അവസാന ഓവറുകളിൽ തകർത്തടിച്ച അനുജയുടെ മികവിലാണ് ഇന്ത്യൻ സ്കോർ 150 കടന്നത്.

13 ഓവറിൽ 93 ന് ഒരു വിക്കറ്റ് എന്ന നിലയിൽ നിന്ന് 16 ഓവറുകൾ പൂർത്തിയായപ്പോൾ 106 ന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ അവസാന നാല് ഓവറുകളിൽ വേദയും അനുജയും കൂട്ടിച്ചേർത്ത 47 റൺസ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ