അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം. ഓസ്ട്രേലിയയെ 31 റൺസിന് തോൽപ്പിച്ചു. 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 291 റൺസിന് പുറത്തായി. നാലാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 104 റൺസെടുത്ത ഓസീസ് പട അഞ്ചാം ദിനത്തിൽ പൊരുതിയെങ്കിലും ജയം നേടാനായില്ല. വാലറ്റനിര ചെറുത്തുനിന്നുവെങ്കിലും ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ എറിഞ്ഞിട്ടു. ബുംമ്രയും ഷമിയും അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആറാം ടെസ്റ്റ് മത്സര വിജയമാണിത്. ഓസ്ട്രേലിയയിൽ ഒരു പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിക്കുന്നത് ആദ്യമാണ്.

മികച്ച ഫോമിൽ ബാറ്റ് വീശിയ ഷോൺ മാർഷിനെ മടക്കി ഇന്ന് രാവിലെ ബുംമ്രയാണ് ഇന്ത്യയുടെ മത്സരം തടസപ്പെടുത്തിയത്. പിന്നീട് വന്ന ട്രവിസ് ഹെഡിനെ അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ച് ഇശാന്ത് ശർമ്മ ഇന്ത്യൻ ആക്രമണത്തിന്റെ പിടിമുറുക്കി. 41 റൺസെടുത്ത ടിം പെയ്‌നിനെ ലഞ്ചിന് ശേഷം ബുംമ്ര മടക്കി അയച്ചു. വാലറ്റത്ത് പൊരുതി നിന്ന മിച്ചൽ സ്റ്റാർക്കിനെ 28 റൺസെടുത്ത് നിൽക്കെ ഷമി, കീപ്പർ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു.

ഇന്നലെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസീസിന് 11 റൺസെടുത്ത ആരോൺ ഫിഞ്ചിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആർ.അശ്വിനായിരുന്നു വിക്കറ്റ്. മർക്കസ് ഹാരിസ് (26), ഉസ്മാൻ ഖൗജ (എട്ട്), ഹാൻഡ്സ്കോംബ് (14) എന്നിവരെയും ഇന്നലെ തന്നെ ഇന്ത്യൻ ബോളർമാർ മടക്കി അയച്ചു.

അശ്വിനും മുഹമ്മദ് ഷമിയുമാണ് ഇന്ത്യക്ക് വേണ്ടി രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിൽ ഓസീസിന്  322 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ കുറിച്ചത്. ആദ്യ ഇന്നിങ്സിൽ 15 റൺസ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 307 റൺസ് നേടി.

രണ്ടാം ഇന്നിങ്സിൽ ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യൻ ലീഡ് 300 ൽ കടന്നത്. ഇരുവരും അർധ സെഞ്ചുറി നേടി. പൂജാര 71 റൺസെടുത്തും രഹാനെ 70 റൺസെടുത്തുമാണ് പുറത്തായത്. കെ.എൽ.രാഹുൽ 44 റൺസെടുത്തു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി 34 റൺസെടുത്തു. റിഷഭ് പന്ത് 28 ഉം മുരളി വിജയ് 18 ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യൻ നിരയിൽ മറ്റാർക്കും തന്നെ തിളങ്ങാനായില്ല. ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും റൺസൊന്നും എടുക്കാതെ പുറത്തായി.

ഓസ്ട്രേലിയൻ ബോളർ ലിയോൺ ആണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ പിടിച്ചു കെട്ടിയത്. ആറു വിക്കറ്റുകളാണ് ലിയോൺ വീഴ്ത്തിയത്. സ്റ്റാർക്ക് മൂന്നും ഹെയ്സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ദിനത്തിൽ ഏഴിന് 191 നിലയിലായിരുന്നു ഓസ്ട്രേലിയ. മൂന്നാം ദിനത്തിൽ ഉച്ച ഭക്ഷണത്തിന് മുൻപേ 235 റൺസിന് എല്ലാവരും പുറത്തായി. ഓസ്ട്രേലിയൻ ടീമിനെ മുന്നിൽ നിന്നും നയിച്ച ട്രാവിസ് ഹെഡിനെ മൂന്നാം ദിനത്തിൽ ജസ്പ്രീത് ഷമിയാണ് വീഴ്ത്തിയത്. അർദ്ധ സെഞ്ചുറി നേടിയ ഹെഡിന് മൂന്നാം ദിനത്തിൽ 11 റൺസ് കൂടി നേടാൻ മാത്രമേ കഴിഞ്ഞുളളൂ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ