അഡ്‌ലെയ്‌ഡിൽ നാണംകെട്ട് ഇന്ത്യ; ഓസീസിനെതിരായ ആദ്യ ടെസ്റ്റിൽ ദയനീയ തോൽവി

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരം പൂർത്തിയായപ്പോൾ ഓസീസ് 1-0 ത്തിന് ലീഡ് ചെയ്യുന്നു

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്ക് ദയനീയ തോൽവി. അഡ്‌ലെയ്‌ഡിൽ എട്ട് വിക്കറ്റ് വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ 90 റൺസ് വിജയലക്ഷ്യം ഓസ്‌ട്രേലിയ അതിവേഗം മറികടന്നു. ഓസ്‌ട്രേലിയക്കുവേണ്ടി ജോ ബേൺസ് അർധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. മാത്യു വെയ്‌ഡ് 33 റൺസ് നേടി പുറത്തായി.

സ്‌കോർ ബോർഡ്

ഒന്നാം ഇന്നിങ്‌സ്

ഇന്ത്യ: 244-10
ഓസ്‌ട്രേലിയ: 191-10

ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയ്‌ക്ക് 53 റൺസ് ലീഡ്

രണ്ടാം ഇന്നിങ്‌സ്

ഇന്ത്യ: 36-9
ഓസ്‌ട്രേലിയ: 93-2

ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് ജയം

ആദ്യ ഇന്നിങ്‌സിൽ 53 റൺസ് ലീഡ് നേടിയിട്ടും ഈ മേധാവിത്വം രണ്ടാം ഇന്നിങ്‌സിൽ തുടരാൻ ഇന്ത്യയ്‌ക്ക് സാധിച്ചില്ല. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ ആരും രണ്ടക്കം കണ്ടില്ല. മുൻനിര ബാറ്റ്‌സ്‌മാൻമാരായ പൃഥ്വി ഷാ (നാല്), മായങ്ക് അഗർവാൾ (ഒൻപത്), ചേതേശ്വർ പൂജാര (പൂജ്യം), വിരാട് കോഹ്‌ലി (നാല്), അജിങ്ക്യ രഹാനെ (പൂജ്യം), ഹനുമാ വിഹാരി (എട്ട്), വൃദ്ധിമാൻ സാഹ (നാല്) എന്നിവർ നിരാശപ്പെടുത്തി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് വെറും 36 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മുഹമ്മദ് ഷമി പരുക്കേറ്റ് പിന്മാറിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

എട്ട് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയ ജോഷ് ഹേസില്‍വുഡും 21 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

Read More: വീണ്ടും നിരാശപ്പെടുത്തി പൃഥ്വി ഷാ; രണ്ടാം ഇന്നിങ്സിലും തുടക്കം പിഴച്ച് ഇന്ത്യ

നേരത്തെ ആദ്യ ഇന്നിങ്സില്‍ 53 റണ്‍സിന്റെ വിലപ്പെട്ട ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒൻപത് റണ്‍സെന്ന നിലയിലായിരുന്നു. നാലു റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മൂന്നാം ദിനം വെറും 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരം പൂർത്തിയായപ്പോൾ ഓസീസ് 1-0 ത്തിന് ലീഡ് ചെയ്യുന്നു. അടുത്ത മൂന്ന് മത്സരങ്ങളിൽ കോഹ്‌ലി കളിക്കില്ല. രഹാനെയായിരുന്നു ഇന്ത്യയെ നയിക്കുക.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia 1st test day 3 australia need 90 runs to win at adelaide

The moderation of comments is automated and not cleared manually by malayalam.indianexpress.com