അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് മേൽക്കെെ. ഒന്നാം ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 244 റൺസിന് ഓൾഔട്ടായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഓസീസും വെള്ളം കുടിച്ചു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 191 ൽ തീർന്നു. ടീം ടോട്ടൽ 200 പോലും എത്താതിരുന്നത് ആതിഥേയർക്ക് നാണക്കേടായി. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 53 റൺസ് ലീഡ് നേടിയിട്ടുണ്ട്. 99 പന്തിൽ നിന്ന് 73 റൺസ് നേടിയ നായകൻ ടിം പെയ്നാണ് ഓസീസിനുവേണ്ടി അവസാനം വരെ പൊരുതിയത്. പെയ്ൻ പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നേരത്തെ തന്നെ പൃഥ്വി ഷായെ നഷ്ടമായി. 4 റൺസുമായാണ് ഇത്തവണ ഷ മടങ്ങിയത്. ആദ്യ ഇന്നിങ്സിൽ അക്കൗണ്ട് തുറക്കാൻ പോലും താരത്തിന് സാധിച്ചിരുന്നില്ല. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസെന്ന നിലയിലാണ്.
മാർനസ് ലാബുഷാനെ 119 പന്തിൽ നിന്ന് 47 റൺസ് നേടി. മറ്റാർക്കും ഓസീസ് ബാറ്റിങ് നിരയിൽ വേണ്ടത്ര തിളങ്ങാൻ സാധിച്ചില്ല. ഓസീസിന്റെ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് വെറും ഒരു റൺസെടുത്താണ് കൂടാരം കയറിയത്. മൂന്ന് ദിവസങ്ങൾ കൂടി ശേഷിക്കെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ മേൽക്കൈ ലഭിച്ചിരിക്കുകയാണ്.
ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ നാല് വിക്കറ്റുകൾ നേടി. 18 ഓവറിൽ 55 റൺസ് വഴങ്ങിയാണ് അശ്വിൻ നാല് വിക്കറ്റ് നേടിയത്. 16.1 ഓവറിൽ 40 റൺസ് വഴങ്ങിയ ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ നേടി. മൊഹമ്മദ് ഷമിക്ക് വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല.
ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ചു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒൻപത് റൺസിനിടെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. നാല് റൺസെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 244-ന് ഓൾഔട്ട് ആകുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തിൽ 233 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സിനിടെ ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായി. അശ്വിന് (15), വൃദ്ധിമാന്‍ സാഹ (9), ഉമേഷ് യാദവ് (6), മുഹമ്മദ് ഷമി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും പാറ്റ് കമ്മിന്‍സ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യ ദിനം നായകൻ വിരാട് കോഹ്ലിയുടെ റണ്ണൗട്ടിലൂടെയാണ് ഇന്ത്യ കളി കൈവിട്ടത്. 180 പന്തുകളിൽ, എട്ടു ഫോറുകൾ ഉൾപ്പെടെ കോഹ്ലി 74 റണ്‍സെടുത്തു. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായുള്ള ആശയക്കുഴപ്പത്തിലൂടെ കോലി റണ്ണൗട്ടാകുകയായിരുന്നു. ഇന്നലെ കളി അവസാനിക്കുമ്പോൾ 15 റൺസുമായി അശ്വിനും 9 റൺസെടുത്ത വൃദ്ധിമാൻ സാഹയുമായിരുന്നു ക്രീസിൽ.
Read More: അഡ്ലെയ്ഡിൽ ചോര പൊടിച്ച് കോഹ്ലി
ഓപ്പണർമാരെ നേരത്തെ നഷ്ടമായ ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുന്നതിനിടയിൽ പുജാരയും പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ കോഹ്ലിയുടെ പ്രതീക്ഷകൾക്ക് രണ്ടാം പന്തിൽ തന്നെ തിരിച്ചടി കിട്ടി. അക്കൗണ്ട് തുറക്കാൻ വിടാതെ പൃഥ്വി ഷായുടെ വിക്കറ്റ് സ്റ്റാർക്ക് തെറിപ്പിച്ചു.
17 റൺസെടുത്ത മായങ്കിനെ കമ്മിൻസ് പുറത്താക്കുമ്പോൾ ഇന്ത്യൻ ടീം സ്കോർ 32ൽ എത്തിയതെയുള്ളു. നായകൻ കോഹ്ലിയെ കൂട്ടുപിടിച്ച് ചേതേശ്വർ പുജാര രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. 160 പന്തിൽ 43 റൺസെടുത്ത പുജാരയെ ലിയോൺ ലബുഷെയ്നിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
പിന്നാലെ എത്തിയ ഉപനായകൻ അജിങ്ക്യ രഹാനെ കോഹ്ലിക്ക് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർബോർഡ് ചലിച്ചു. 74 റൺസെടുത്ത കോഹ്ലി റൺഔട്ടാവുകയായിരുന്നു. മൂന്ന് ഫോറും ഒരു സിക്സും അടക്കം 42 റൺസ് നേടിയ രഹാനെയും കാര്യമായ സംഭാവന നൽകി. എന്നാൽ 16 റൺസുമായി ഹനുമ വിഹാരി മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.