ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും പുലിയാണ്. പക്ഷേ ഇത്തവണ കോഹ്‌ലിയുടെ പ്രകടനം ആരാധകരെ മാത്രമല്ല എം.എസ്.ധോണിയെപ്പോലും അതിശയിപ്പിച്ചു കളഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി ട്വന്റി മൽസരത്തിനിടെയായിരുന്നു കോഹ്‌ലിയുടെ തകർപ്പൻ പ്രകടനം.

19-ാം ഓവറിൽ ഭുവനേശ്വർ കുമാറിന്റെ ബോൾ നേരിട്ടത് ഓസ്ട്രേലിയയുടെ ഡാൻ ക്രിസ്ത്യൻ ആയിരുന്നു. സിംഗിൾ എടുത്ത ശേഷം ഓസ്ട്രേലിയൻ താരങ്ങൾ അടുത്ത റൺസിനായി ഓടി. ഇതിനിടയിൽ കോഹ്‌ലി ബോൾ സ്റ്റംപിനുനേരെ എറിഞ്ഞു. വളരെ അകലത്തിൽനിന്നാണ് കോഹ്‌ലി ബോൾ എറിഞ്ഞത്. പക്ഷേ കൃത്യമായി സ്റ്റംപിൽതന്നെ ബോൾ കൊണ്ടു. വിക്കറ്റ് കീപ്പർ ധോണി സ്റ്റംപിനടുത്ത് ഉണ്ടായിരുന്നുവെങ്കിലും വിക്കറ്റ് വീഴാൻ ധോണിയുടെ സഹായം കോഹ്‌ലിക്ക് വേണ്ടി വന്നില്ല. ഇതുകണ്ട ധോണി അതിശയിക്കുകയും ഒപ്പം ചിരിക്കുകയും ചെയ്തു.

മ​ഴ​മൂ​ലം 6 ഓവറായി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിച്ചിരുന്നു. കോഹ്‌ലി (14 പന്തിൽ 24), ധവാൻ (12 പന്തിൽ 15) പുറത്താകാതെ നിന്നു. ആക്രമിച്ച് ബാറ്റ് വീശിയ ഓപ്പണർ രോഹിത് ശർമ്മ 11 റൺസെടുത്ത് പുറത്തായി. ഓ​സ്ട്രേ​ലി​യ 18.4 ഓ​വ​റി​ൽ എ​ട്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്ത് നിൽക്കുമ്പോഴാണ് മഴ പെയ്ത് തുടങ്ങിയത്. പിന്നീട് ശക്തമായി മഴ പെയ്തു. പരിശോധനയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോഴാണ് ഇന്ത്യയുടെ വിജയലക്ഷ്യം 6 ഓവറിൽ 48 ആയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ