ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. പന്ത്രണ്ട് അംഗ സാധ്യത ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറാകുക യുവതാരം ഋഷഭ് പന്താകും.
വിൻഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനം ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയ്ക്ക് തുണയായി. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിലും ക്രുണാൽ ഇടംപിടിച്ചു. ഓസ്ട്രേലിയൻ മണ്ണിലും മികച്ച പ്രകടനത്തോടെ ടി20 ടീമിൽ സ്ഥിര സാന്നിധ്യമാകാനുള്ള ഒരുക്കത്തിലാണ് ക്രുണാൽ പാണ്ഡ്യ.
പേസിന് അനുകൂലമായ ഓസ്ട്രേലിയൻ പിച്ചിൽ കുൽദീപ് യാദവിനോ യുസ്വേന്ദ്ര ചാഹലിനോ അവസരം നഷ്ടമാകും. ഇവരിൽ ഒരാൾ മാത്രമാകും അന്തിമ ഇലവനിൽ സ്ഥാനം പിടിക്കുക. മൂന്ന് പേസർമാരെയാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കളിപ്പിക്കുക. യുവതാരം ഖലീൽ അഹമ്മദും ടീമിൽ ഇടം പിടിച്ചു.
We've announced our 12 for the 1st T20I against Australia at The Gabba #TeamIndia pic.twitter.com/c6boLtieGf
— BCCI (@BCCI) November 20, 2018
ഇന്ത്യ 12 അംഗ സാധ്യത ടീം: വിരാട് കോഹ്ലി (നായകൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര, ക്രുണാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ.
നവംബർ 21ന് ബ്രിസബണ്ണിലെ ഗബ്ബയിലാണ് മത്സരം. മൂന്ന് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുക. ഇതിന് പുറമെ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലുണ്ട്.