IND vs AUS 1st ODI: മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് നാണംകെട്ട തോൽവി. മുംബെെയിൽ നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയ 255 റൺസ് ഒരു വിക്കറ്റ് പോലും നഷ്‌ടപ്പെടാതെ ഓസീസ് മറികടന്നു. ഇതോടെ പരമ്പയിൽ 1-0 ത്തിന് ഓസീസ് മുന്നിലെത്തി.
256 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്കുവേണ്ടി ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും തകർപ്പൻ പ്രകടനം നടത്തി. ഇരുവരും സെഞ്ചുറി നേടി. വാര്‍ണര്‍ 112 പന്തുകളില്‍ നിന്ന് 17 ഫോറും മൂന്ന് സിക്‌സറുമടക്കം 128 റണ്‍സുമായി പുറത്താകാതെ നിന്നു. ഫിഞ്ച് 114 പന്തില്‍ നിന്ന് 110 റണ്‍സ് നേടി പുറത്താകാതെ നിന്നു. രണ്ട് സിക്‌സും 13 ഫോറുകളും അടങ്ങിയതാണ് ഫിഞ്ചിന്റെ ഇന്നിങ്‌സ്. ഇന്ത്യൻ ബൗളർമാരാണ് മുംബെെയിൽ നിറംമങ്ങിയ പ്രകടനം കാഴ്‌ചവച്ചത്.
ടോസ് ലഭിച്ച ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യൻ സ്കോർ 255 ൽ അവസാനിച്ചു. 49.1 ഓവറിൽ ഇന്ത്യ ഓൾഔട്ടായി. ശിഖർ ധവാൻ (74), കെ.എ.രാഹുൽ (47), റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (25) എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. രോഹിത് ശർമയും ശിഖർ ധവാനുമാണ് ഓപ്പണിങ് ചെയ്തത്. 5 ഓവർ തികയ്ക്കും മുൻപേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 10 റൺസെടുത്ത രോഹിത് ശർമയാണ് പുറത്തായത്.
പിന്നീട് മൂന്നാമനായി ഇറങ്ങിയ കെ.എൽ.രാഹുലും ധവാനും ചേർന്ന് കളി ഏറ്റെടുക്കുകയായിരുന്നു. ഇരുവരും ചേർന്നുളള കൂട്ടുകെട്ടിൽ ഇന്ത്യൻ സ്കോർ 100 കടന്നു. ഇതിനിടയിൽ ധവാൻ അർധ സെഞ്ചുറി തികച്ചു. രാഹുൽ അർധസെഞ്ചുറിക്ക് മൂന്നു റൺസ് അകലെയാണ് വീണത്. ധവാൻ സെഞ്ചുറി തികയ്ക്കുമെന്ന് കരുതിയെങ്കിലും കുമ്മിൻസിന്റെ ബോളിൽ 74 റൺസുമായി പുറത്താവുകയായിരുന്നു. പിന്നാലെ എത്തിയ കോഹ്‌ലി 16 റൺസെടുത്ത് പുറത്തായി.
റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്നുളള കൂട്ടുകെട്ടാണ് പിന്നീട് ഇന്ത്യൻ സ്കോർ ഉയർത്തിയത്. എന്നാൽ 25 റൺസെടുത്ത് ജഡേജ പുറത്തായതോടെ കൂട്ടുകെട്ട് തകർന്നു. അധികം വൈകാതെ തന്നെ 28 റൺസുമായി പന്തും കളം വിട്ടു. ശാർദുൽ ഠാക്കൂർ 13 റൺസെടുത്തു. അവസാന ഓവറുകളിൽ മുഹമ്മദ് ഷമിയും കുൽദീപും ചേർന്നാണ് ഇന്ത്യൻ സ്കോർ 250 ൽ കടത്തിയത്. 17 റൺസെടുത്ത് കുൽദീപ് മടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ മങ്ങി. 50-ാം ഓവറില ആദ്യ ബോളിൽ ഷമിയുടെ വിക്കറ്റ് വീണതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു.
മിച്ചൽ സ്റ്റാർക്, കുമ്മിൻസ്, അഗർ, സാംബ, റിച്ചാർഡ്സൺ എന്നിവർക്കാണ് വിക്കറ്റ്. സ്റ്റാർക് 3 വിക്കറ്റ് വീഴ്ത്തി. കുമ്മിൻസ്, റിച്ചാർഡ്സൺ എന്നിവർ 2 വീതം വിക്കറ്റുകൾ നേടി.