India vs Afghanistan Only Test Day 2; ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അഫ്‌ഗാനിസ്ഥാന് ബാറ്റിംഗ് ദുരന്തം. ഏക ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയുടെ 474 റൺസ് പിന്തുടർന്ന അഫ്ഗാൻ താരങ്ങൾ ആദ്യ ഇന്നിംഗ്സിൽ 109 റൺസിനും രണ്ടാം ഇന്നിങ്സിൽ 103 റൺസിനും ഓൾ ഔട്ടായി.

ഇതോടെ ഇന്നിംങ്സിനും 262 റൺസിനുമാണ് ഇന്ത്യ, അഫ്‌ഗാനിസ്ഥാനെതിരായ ചരിത്ര ത്സരം വിജയിച്ചത്. രണ്ടാം ഇന്നിങ്സിലും അഫ്നിസ്ഥാന് പൊരുതി നോക്കാനുളള സമയം പോലും നൽകാതെയാണ് വിജയം കൊയ്തത്.

അഹമ്മദ് ഷെഹ്‌സാദും ജാവേദ് അഹമ്മദുമാണ് അഫ്ഗാന്‍ വേണ്ടി ഇന്നിങ്‌സ് ആരംഭിച്ചത്. അഫ്ഗാന്റെ ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് ഓപ്പണിങ് ചെയ്തതിന്റെ റെക്കോര്‍ഡ് ഇവരുടെ പേരിലായി ഇതോടെ. ഉമേഷ് യാദവിനെ ബൗണ്ടറി പായിച്ചുകൊണ്ട് ഷെഹ്‌സാദ് അഫ്ഗാന്റെ ആദ്യ ടെസ്റ്റ് റണ്‍സും ബൗണ്ടറിയും സ്വന്തമാക്കി. അതേസമയം, സ്കോർ 15 ല്‍ എത്തി നില്‍ക്കെ റണ്‍ ഔട്ടായി ഷെഹ്സാദ് ആ റെക്കോർഡും സ്വന്തം പേരിലാക്കി.

എന്നാൽ പിന്നീടങ്ങോട്ട് ഒന്നൊന്നായി ബാറ്റ്സ്‌മാന്മാർ കൂടാരം കയറി. വെറും 27.5 ഓവറിലാണ് ഒന്നാം ഇന്നിംഗ്‌സിൽ അഫ്‌ഗാൻ നിര ഒന്നാകെ വീണത്. മുഹമ്മദ് നബി 24 റൺസെടുത്ത് ടോപ് സ്കോററായി. മുജീബ് ഉർ റഹ്മാൻ 15 ഉം മുഹമ്മദ് ഷഹ്‌സാദ്, റഹ്മത്ത് ഷാ എന്നിവർ 14 റൺസ് വീതവും നേടി.

ആർ അശ്വിനാണ് ഇന്ത്യൻ ബോളിങിൽ തിളങ്ങിയത്. എട്ടോവറിൽ 27 റൺസ് വഴങ്ങി നാല് വിക്കറ്റാണ് അശ്വിൻ വീഴ്ത്തിയത്.  ഇശാന്ത് ശർമ്മ അഞ്ചോവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ എടുത്താണ് അഫ്ഗാന്‍ കൂറ്റന്‍ സ്‌കോര്‍ തടഞ്ഞത്.  ഹാര്‍ദ്ദിക് പാണ്ഡ്യയും ആര്‍ അശ്വിനുമാണ് ഇന്ന് ഇന്നിങ്‌സ് ആരംഭിച്ചത്. 71 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് രണ്ടാം ദിനത്തില്‍ തിളങ്ങിയത്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ 20 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

അവസാന നിമിഷങ്ങളില്‍ 26 റണ്‍സുമായി ഉമേഷ് യാദവും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. മൂന്ന് വിക്കറ്റ് നേടിയ യമിന്‍ അഹ്മദ്‌സായ് ആണ് അഫ്ഗാന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. ഒന്നാം ദിനത്തിലെ ഗംഭീര തുടക്കത്തില്‍ നിന്നും ഇന്ത്യയെ പിടിച്ചു കെട്ടാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവുമായി അഫ്ഗാന്‍ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്.

ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 347 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റേയും മുരളി വിജയ്‌യുടെയും മികച്ച പ്രകടനമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ധവാനും മുരളി വിജയ്‌യും സെഞ്ചുറി നേടി പുറത്തായി. ടെസ്റ്റ് കരിയറിലെ 12-ാമത് സെഞ്ചുറിയാണ് വിജയ് അഫ്‌ഗാനെതിരെ നേടിയത്.

ധവാന്‍ 107 റണ്‍സെടുത്തും വിജയ് 105 റണ്‍സെടുത്തും പുറത്തായി. കെ.എല്‍.രാഹുല്‍ 54, പുജാരെ 35 റണ്‍സുമെടുത്തു. 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ റാഷിദ് ഖാന്‍ വീഴ്ത്തി. നാലു റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക് റണ്‍ഔട്ടിലൂടെ പുറത്തായി. അഫ്‌ഗാനായി യാമിന്‍ അഹമ്മദ് സായ് രണ്ടു വിക്കറ്റും വഫാദര്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടിയ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്‌ലിയ്‌ക്ക് വിശ്രമമായതിനാല്‍ രഹാനെയാണ് ടീമിനെ നയിക്കുന്നത്. റെക്കോര്‍ഡോടെയാണ് ധവാന്റെ സെഞ്ചുറി എന്നതും ശ്രദ്ധേയമാണ്. ടെസ്റ്റിന്റെ ആദ്യ ദിനം ലഞ്ചിന് പിരിയും മുമ്പു തന്നെ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധവാന്‍. ധവാന്‍ 87 പന്തിലാണ് സെഞ്ചുറി തികച്ചത്. 18 ഫോറും മൂന്ന് സിക്‌സും സഹിതമാണ് ധവാന്റെ സെഞ്ചുറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ