scorecardresearch

സെഞ്ചുറിയുമായി രോഹിത്, ഫിഫ്റ്റിയുമായി കോഹ്ലി, ഇന്ത്യൻ ജയം 8 വിക്കറ്റിന്

63 പന്തുകളിൽ നിന്നാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്

63 പന്തുകളിൽ നിന്നാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
India vs Afghanistan | ICC World Cup

അഫ്ഗാനിസ്ഥാനെതിരെ ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ കാണികളെ അഭിവാദ്യം ചെയ്യുന്നു | PHOTO: Express photo by Abhinav Saha

ഡൽഹി: ഏകദിന ലോകകപ്പിലെ ഒമ്പതാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 15 ഓവർ ബാക്കി നിൽക്കെ മറികടന്നു. മറുപടി ബാറ്റിങ്ങിൽ സെഞ്ചുറി നേടിയ നായകൻ രോഹിത് ശർമ്മ (84 പന്തിൽ 131) ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിച്ചു. 16 ഫോറും അഞ്ച് കൂറ്റൻ സിക്സറുകളും ഹിറ്റ്മാൻ പറത്തി.

Advertisment

30 പന്തുകളിൽ നിന്നാണ് രോഹിത് ശർമ്മ അർധസെഞ്ചുറി നേടിയത്. ഇതിനിടയിൽ ലോകകപ്പിൽ ആയിരം റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്ററുമായി അദ്ദേഹം മാറി. 63 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. ലോകകപ്പിൽ 7 സെഞ്ചുറികൾ നേടി സച്ചിന്റെ റെക്കോഡും താരം മറികടന്നു. 26ാമത്തെ ഓവറിലെ നാലാമത്തെ പന്തിൽ രോഹിത്തിനെ റാഷിദ് ഖാൻ ക്ലീൻ ബൌൾഡാക്കി. ഓപ്പണർ ഇഷാൻ കിഷനെയും (47) റാഷിദ് ഖാനാണ് പുറത്താക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും (55) ശ്രേയസ് അയ്യരും (25) തിളങ്ങി.

നേരത്തെ, ഷാഹിദി (80), അസ്മത്തുള്ള ഒമറാസി (62) എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് അഫ്ഗാൻ ബാറ്റർമാർ ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തിയത്. വാലറ്റത്ത് റാഷിദ് ഖാനും (16) മെച്ചപ്പെട്ട പ്രകടനം നടത്തി. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് അഫ്ഗാനിസ്ഥാൻ സ്കോർ ചെയ്തത്.

Advertisment

അതേസമയം, ഡൽഹിയിലെ പിച്ചിൽ മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ ഇന്ത്യൻ താരങ്ങൾ അഫ്ഗാൻ താരങ്ങൾക്ക് റണ്ണടിച്ച് കൂട്ടാനുള്ള അമിത സ്വാതന്ത്ര്യം ഒരിക്കൽ പോലും നൽകിയില്ല. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് അഫ്ഗാൻ ബാറ്റർമാരെ തളച്ചത്. ഹാർദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും വീഴ്ത്തി. ഇബ്രാഹിം സദ്രാൻ (22), മുഹമ്മദ് നബി (19), നജീബുള്ള സദ്രാൻ (2), റാഷിദ് ഖാൻ (16) എന്നിവരാണ് ബുമ്രയുടെ തീയുണ്ടകൾക്ക് മുന്നിൽ വിക്കറ്റ് ബലികഴിച്ചത്.

തുടക്കത്തിൽ 63-3 എന്ന നിലയിൽ പതറിയ മധ്യനിര ബാറ്റർമാരുടെ കരുത്തിൽ നില അൽപ്പം മെച്ചപ്പെടുത്തി. 34 ഓവറിൽ അഫ്ഗാനിസ്ഥാന്റെ സ്കോർ 180 കടത്താൻ അസ്മത്തുള്ള ഒമറാസി - ഹഷ്മത്തുള്ള ഷാഹിദി കൂട്ടുകെട്ടിനായി. 69 പന്തിൽ 62 റൺസെടുത്ത അസ്മത്തുള്ളയെ പാണ്ഡ്യ ക്ലീൻ ബൌൾഡാക്കിയത് കളിയിലെ നിർണായക വഴിത്തിരിവായി. ഷർദ്ദുൽ താക്കൂറും കുൽദീപ് യാദവും ഓരോ വിക്കറ്റെടുത്തു.

ടോസ് അപ്ഡേഷൻ:

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നര്‍ ആര്‍ അശ്വിന് പകരം പേസര്‍ ഷര്‍ദ്ദുല്‍ താക്കൂര്‍ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. ഓസ്ട്രേലിയയെ 6 വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യയെത്തുന്നത്. കുഞ്ഞന്‍ ടീമാണെങ്കിലും അഫ്ഗാന്ഥാനെതിരെ കരുതലോടെ തന്നെയാകും ഇന്ത്യ ഇറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാരുടെ മോശം പ്രകടനം ഏറെ നിരാശപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനെതിരേ വമ്പന്‍ ജയം നേടി നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവും ഇന്ത്യ ശ്രമിക്കുക.

ബംഗ്ലാദേശിനോടേറ്റ തോല്‍വിയുമായി എത്തുന്ന അഫ്ഗാനിസ്താന് ഇന്നും കാര്യങ്ങള്‍ എളുപ്പമാകാനിടയില്ല. സ്പിന്നര്‍മാരാണ് അഫ്ഗാന്റെ ശക്തിയെങ്കിലും ഡല്‍ഹിയിലെ പിച്ച് ബാറ്റിങ്ങിനെ അനുകൂലിക്കുന്നതാണ്. മൂന്ന് ദിവസംമുമ്പ് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ പറന്നത് 31 സിക്‌സറുകളായിരുന്നു. ഇരു ടീമുകളും അടിച്ചുകൂട്ടിയത് 754 റണ്‍. ലോകകപ്പിലെ അതിവേഗ സെഞ്ചുറിയും ഇവിടെ പിറന്നു.

ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ തന്നെ ഓപ്പണറായി തുടരും. ഇഷാന്‍ കിഷനെ സംബന്ധിച്ചിടത്തോളം ഇത് വലിയ മത്സരമായിരിക്കും. ഏഷ്യാ കപ്പില്‍, മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്ത കിഷന്‍ പാകിസ്ഥാനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരടങ്ങുന്ന മികച്ച പേസ് നിരയ്‌ക്കെതിരെ ഇഷാന്‍ കിഷന്‍ 82 റണ്‍സ് നേടിയിരുന്നു. ഗില്ലിന്റെ അഭാവമാണ് ഇഷാന് വീണ്ടും ഓപ്പണറായി സ്ഥാനക്കയറ്റം നേടിക്കൊടുത്തത്.

എന്നാല്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഓസ്ട്രേലിയക്കെതിരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് അഫ്ഗാനെതിരേ തിളങ്ങേണ്ടത് അത്യാവശ്യമാണ്. മികച്ച ബൗളിങ് നിര ഇന്ത്യയ്ക്കുണ്ട്. ഡല്‍ഹിയില്‍ വിരാട് കോഹ്ലിയുടെ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ , ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

അഫ്ഗാനിസ്ഥാന്‍ പ്ലേയിങ് ഇലവന്‍: റഹ്മാനുള്ള ഗുര്‍ബാസ് , ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി , നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍-ഉല്‍-ഹഖ്, ഫസല്‍ഹഖ് ഫാറൂഖി


  • 18:11 (IST) 11 Oct 2023
    ഇന്ത്യയ്ക്ക് 273 റൺസിന്റെ വിജയലക്ഷ്യമുയർത്തി അഫ്ഗാനിസ്ഥാൻ

    ഏകദിന ലോകകപ്പിലെ ഒമ്പതാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 273 റൺസിന്റെ വിജയലക്ഷ്യമുയർത്തി അയൽക്കാരായ അഫ്ഗാനിസ്ഥാൻ. ഷാഹിദി (80), അസ്മത്തുള്ള ഒമറാസി (62) എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് അഫ്ഗാൻ ബാറ്റർമാർ ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തിയത്. വാലറ്റത്ത് റാഷിദ് ഖാനും (16) മെച്ചപ്പെട്ട പ്രകടനം നടത്തി. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് അഫ്ഗാനിസ്ഥാൻ സ്കോർ ചെയ്തത്. നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് അഫ്ഗാൻ ബാറ്റർമാരെ തളച്ചത്.


  • 14:38 (IST) 11 Oct 2023
    അഫ്ഗാനിസ്ഥാന് ആദ്യ ആഘാതം ഏൽപ്പിച്ച് ബൂം ബൂം ബുംറ!!

    ഏഴാം ഓവറിലെ നാലാം പന്തിൽ അഫ്ഗാനിസ്ഥാന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. മികച്ച രീതിയിൽ ബാറ്റ് വീശിയ ഓപ്പണർ ഇബ്രാഹിം സദ്രാനെ (22) വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിലെത്തിച്ചാണ് ബുംറ അഫ്ഗാന് ആദ്യ ആഘാതം ഏൽപ്പിച്ചത്.


Sports Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: