ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗിലും ബൗളിംഗിലും ആധിപത്യം സ്ഥാപിച്ച് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് അഫ്ഗാന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ചുറി ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടിയ ഇന്ത്യ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗ് മികവില്‍ അഫ്ഗാന് ബാറ്റിംഗ് നിരയെ ഒന്നിനു പുറകെ ഒന്നായി മടക്കി.
നാല് ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ ഒരു മെയ്ഡനടക്കം വെറും നാല് റണ്‍സ് വിട്ട് കൊടുത്ത് അഞ്ചു വിക്കറ്റ് വീഴ്ത്തി. ഭുവിയുടെ ബൗളിംഗ് ആക്രമണത്തിന്റെ മികവില്‍ അഫ്ഗാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന ദയനീയ സ്ഥിതിയിലേക്ക് വീണിരുന്നു. ഹസ്റത്തുള്ള സസായ് (0), റഹ്മാനുള്ള ഗുര്‍ബാസ് (0), കരീം ജനത് (2), നജീബുള്ള സദ്രാന് (0), അസ്മത്തുള്ള ഒമര്‍സായ് (1) എന്നിവരെയാണ് ഭുവി പുറത്താക്കിയത്. 59 പന്തില്‍ നിന്ന് 64 റണ്‍സോടെ പുറത്താകാതെ നിന്ന ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറര്‍.
നേരത്തെ കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് അഫ്ഗാനെതിരെ ഇന്ത്യ 213 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. കോഹ്ലിയുടെ സെഞ്ചുറിയുടെയും കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്കെത്തുകയായിരുന്നു. ട്വന്റി 20-യില്‍ കോഹ്ലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണിത്.
മത്സരത്തില്‍ കെ.എല്‍ രാഹുല്‍ – വിരാട് കോലി ഓപ്പണിങ് സഖ്യം 12.4 ഓവറില്‍ 119 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. 41 പന്തില്‍ 62 റണ്‍സെടുത്ത രാഹുലിനെ ഫരീദ് അഹമ്മദാണ് പുറത്താക്കിയത്. 61 പന്തുകള്‍ നേരിട്ട കോഹ്ലി ആറ് സിക്സും 12 ഫോറുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു. ഋഷഭ് പന്ത് 20 റണ്‍സോടെ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവാണ് (6) പുറത്തായ മറ്റൊരു താരം.