India vs Afganistan only Test Match Records: ബെംഗളൂരു: അഫ്‌ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റ് മൽസരത്തിൽ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ടെസ്റ്റിന്റെ രണ്ടാം ദിനം രണ്ട് തവണ അഫ്‌ഗാനിസ്ഥാനെ ഓൾ ഔട്ടാക്കിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഇതോടെ റെക്കോർഡുകളുടെ പെരുമഴയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിജയമാണ് ഇന്നത്തേത്. ഇന്നിങ്സിനും 262 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്.
രണ്ടാം ദിവസം മാത്രം 24 വിക്കറ്റുകളാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വീണത്. ഇതിൽ 20 ഉം അഫ്‌ഗാനിസ്ഥാന്റേതായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലെ അവസാന നാല് വിക്കറ്റുകളാണ് ഇന്ന് രാവിലെ വീണത്.
എക്സ്ട്രാസ് ഒഴികെ, ഏറ്റവും കുറവ് റൺസ് വിട്ടുകൊടുത്ത് ഇന്ത്യ ജയിച്ച മൽസരമാണ് ഇന്നത്തേത്. 207 റൺസാണ് രണ്ട് ഇന്നിങ്സിലുമായി അഫ്‌ഗാൻ താരങ്ങൾ നേടിയത്. ബെംഗളൂരുവിലെ ഏറ്റവും കുറവ് ടോട്ടൽ എന്ന മോശം പേരും അഫ്‌ഗാൻ സ്വന്തമാക്കി.
2017 ൽ ഓസ്ട്രേലിയ കുറിച്ച 112 റൺസിന്റെ കുറഞ്ഞ ടോട്ടലിന് മൂന്ന് റൺസ് മുന്നിലാണ് ആദ്യ ഇന്നിങ്സിൽ അഫ്‌ഗാൻ വീണത്. പിന്നാലെ 103 റൺസിന് രണ്ടാം ഇന്നിങ്സിൽ പുറത്തായി സ്വന്തം റെക്കോർഡ് മണിക്കൂറുകൾ കൊണ്ട് തിരുത്തി.
ഒരു ടെസ്റ്റ് മൽസരം ജയിക്കാൻ ഇന്ത്യ ഏറ്റവും കുറവ് പന്തെറിഞ്ഞ മൽസരമായി ഇന്നത്തേത്. 399 പന്താണ് രണ്ട് ഇന്നിങ്സിലുമായി 20 വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യ എറിഞ്ഞത്. ഒറ്റ ദിവസം രണ്ട് തവണ ഓൾ ഔട്ടാവുന്ന ടീമെന്ന നാണംകെട്ട റെക്കോർഡിന്റെ ആദ്യ ഉടമ ഇന്ത്യയാണ്. പിന്നീട് സിംബാബ്‌വെ മാത്രമാണ് ഈ മോശം പേര് സ്വന്തമാക്കിയത്. ഈ പട്ടികയിൽ മൂന്നാമത്തെ പേരുകാരായി അഫ്‌ഗാനിസ്ഥാൻ.
ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകുന്ന ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മൽസരമാണ് ഇത്.