മെൽബൺ: പ്രകോപനങ്ങളിലൂടെ താരങ്ങളെ തളർത്താൻ ഉപയോഗിക്കുന്ന വിരാട് കോഹ്‌ലിയുടെ തന്ത്രങ്ങൾക്ക് എതിരെ മുൻ ഓസ്ട്രേലിയൻ താരം ഇയാൻ ഹീലി. ഓസ്ട്രേലിയൻ താരങ്ങളെ പ്രകോപിപ്പിക്കാൻ കോഹ്‌ലി നടത്തുന്ന ശ്രമങ്ങൾ കാണുമ്പോൾ താരത്തോടുള്ള ബഹുമാനം പോലും നഷ്ടമാകുന്നു എന്നും ഇയാൻ ഹീലി പറയുന്നു.

പരമ്പരയിൽ ഇന്ത്യൻ ടീം തിരിച്ചുവരാൻ വിയർത്തു ശ്രമിക്കുന്നുണ്ട്, എന്നാൽ ബെഗളൂരു ടെസ്റ്റിൽ ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റം ദൗർഭാഗ്യകരമാണെന്നും മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ പറയുന്നു. ഇന്നലെ വിരാട് കോഹ്‌ലിയും സ്റ്റീഫൻ സ്മിത്തും തമ്മിലുണ്ടായ ഉരസലും ഇശാന്ത് ശർമ്മയും റെൻഷോയും തമ്മിലുണ്ടായ വാക്ക്പോരും ആരോഗ്യകരമല്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ടീം അംഗങ്ങളോട് പൊട്ടിത്തെറിക്കുന്ന കോഹ്‌ലിയുടെ ശൈലി ഗുണം ചെയ്യില്ല. ഇന്നലെ റെൻഷോയുടെ ക്യാച്ച് ജഡേജ കൈവിട്ടപ്പോൾ നായകൻ നടത്തിയ വികാര പ്രകടനം ജഡേജയെ പ്രകോപിപ്പിച്ചിരുന്നു. ഇത് താരങ്ങൾ തമ്മിലുള്ള ഐക്യം നഷ്ടപ്പെടുന്നതിന് കാരണമാകും.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളാണ് വിരാട് കോഹ്‌ലി. ബാറ്റ് കൊണ്ട് എതിരാളികളെ തച്ചു തകർക്കുന്ന താരത്തിന്റെ പ്രകടനം അവിശ്വസിനീയമാണ്. പ്രതിസന്ധികളെ പ്രതിഭകൊണ്ട് മറികടക്കുന്ന വിരാട് കോഹ്‌ലിയെ കാണാനാണ് തനിക്ക്​ ഇഷ്ടമെന്നും ഇയാൻ ഹീലി പറഞ്ഞു.

രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ വിരാട് കോഹ്‌ലിയെ ഓസ്ട്രേലിയൻ നായകൻ സ്റ്റീഫ് സ്മിത്ത് പേരെടുത്ത് വിമർശിച്ചിരുന്നു. വിരാട് കോഹ്‌ലിയ്ക്കും ടീമിനുമാണ് സമ്മർദ്ദം, എന്നാൽ എതിർ താരങ്ങളോടുള്ള കോഹ്‌ലിയുടെ പെരുമാറ്റം തരംതാണതാണെന്നും സ്മിത്ത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ