തിരുവനന്തപുരം: ഓഫ് സ്പിന്നര്‍ ഹൃത്വിക് ഷോക്കീന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തില്‍ ആദ്യ യൂത്ത് ടെസ്റ്റില്‍ ഒന്നാം ദിനം തന്നെ ഇന്ത്യ അണ്ടര്‍ 19 ടീമിന് മേല്‍ക്കൈ. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെ 197 റണ്‍സിനാണ് ഇന്ത്യയുടെ കൗമാര പട പുറത്താക്കിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുത്തിട്ടുണ്ട്.

ഓപ്പണര്‍ ദിവ്യാന്‍ഷ് സക്‌സേന ക്രീസിലുണ്ട്. താരം 44 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ ഇന്ത്യ ഓര്‍മ്മപ്പെടുത്തി. ഓപ്പണര്‍മാരായ ജൊനാഥന്‍ ബേര്‍ഡിനേയും തംസാന്‍ഖ ഖുമാലോവിനേയും പുറത്താക്കി പേസര്‍ അന്‍ഷുല്‍ കംബോജ് നയം വ്യക്തമാക്കുകയായിരുന്നു.

മികച്ച തുടക്കം ഇന്ത്യന്‍ ബൗളര്‍മാര്‍ വിദഗ്ധമായി തന്നെ ഉപയോഗപ്പെടുത്തി. 20 റണ്‍സെടുക് ആന്‍ഡില്‍ മോക്ഗാകാനെയെ സാബിര്‍ ഖാന്‍ പുറത്താക്കി. തുടര്‍ന്ന് നായകന്‍ മാത്യു മോന്റ്‌ഗോമെറിയും ബോന്‍ഗ മഖഖയും ചേര്‍ന്ന് 65 റണ്‍സ് ദക്ഷിണാഫ്രിക്കായി കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് തെല്ല് ആശ്വാസം നല്‍കി. എന്നാല്‍ രണ്ടു പേരേയും പുറത്താക്കി ഷോക്കീന്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 57 റണ്‍സുമായാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ പുറത്തായത്.

ആറാമനായി ക്രീസിലെത്തിയ ബ്രൈസ് പാര്‍സണ്‍സ് 121 പന്തുകളാണ് പ്രതിരോധിച്ചത്. 58 റണ്‍സെടുത്ത ബ്രൈസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മലയാളി ഓപ്പണര്‍ വരുണ്‍ നായനാരിനെ നഷ്ടമായി. റണ്ണൊന്നും എടുക്കാതെയാണ് വരുണ്‍ മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ മറ്റൊരു കേരളാ താരമായ വത്സല്‍ ഗോവിന്ദും സക്‌സേനയും ചേര്‍ന്ന് 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 23 റണ്‍സെടുത്താണ് ഗോവിന്ദ് പുറത്തായത്. മൂന്നാം വിക്കറ്റില്‍ യശ്വസി ജെയ്‌സ്വാളും സക്‌സേനയും ചേര്‍ന്ന് 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 24 റണ്‍സെടുത്ത ജെയ്‌സ്വാള്‍ പുറത്തായതോടെ കൂട്ടുകെട്ട് തകര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook