അമ്മാന്‍: ഇന്ത്യന്‍ ഫുട്‌ബോളിന് ഇത് ഇരട്ടിമധുരത്തിന്റെ നാളാണ്. ചാമ്പ്യന്മാരെ തകര്‍ത്ത് ഇന്ത്യയുടെ യുവനിരകള്‍ ഒരേ ദിവസം തന്നെ ചരിത്രം കുറിച്ചിരിക്കുകയാണ്. ലോക ഫുട്‌ബോളിലെ കരുത്തരായ അര്‍ജന്റീനയെ തകര്‍ത്ത് അണ്ടര്‍ 20 ടീമും ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെ അട്ടിമറിച്ച് അണ്ടര്‍ 16 ടീമും ആരാധകര്‍ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്.

ജോര്‍ദാനിലെ അമ്മാനില്‍ നടന്ന അണ്ടര്‍-16 ബോയ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മരായ ഇറാഖിനെ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ ജയം. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഭുവനേശ്വറാണ് ഹെഡ്ഡറിലൂടെ ഇന്ത്യയുടെ അവിസ്മരണീയമായ ചരിത്രഗോള്‍ നേടിയത്. ഇന്ത്യയ്ക്കു തന്നെയായിരുന്നു കളിയില്‍ മേല്‍ക്കൈ. എന്നാല്‍, ഏഴാം മിനിറ്റില്‍ ഗിവ്‌സണിന് ഒരു അവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റില്‍ ഇടിച്ചു മടങ്ങുകയായിരുന്നു.

തുടക്കം മുതല്‍ തന്നെ ഗിവ്‌സണും വിക്രമും ഇറാഖിന്റെ ഗോള്‍മുഖത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. ഹര്‍പ്രീതും ഗുര്‍കിരതും മികച്ച ഫോമിലായിരുന്നു. നിര്‍ഭാഗ്യം കൊണ്ടാണ് ഇന്ത്യയ്ക്ക് പല അവസരങ്ങളും നഷ്ടമായത്. ഒന്നാം പകുതിയില്‍ ഗോള്‍കീപ്പര്‍ രവി നടത്തിയ ഒരു മികവുറ്റ സേവാണ് ഇന്ത്യയെ രക്ഷിച്ചത്.

സ്പെയിനില്‍ നടക്കുന്ന കോടിഫ് കപ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. അര്‍ജന്റീനയുടെ പ്രതാപത്തെ യാതൊരു ആശങ്കയും ഭയവുമില്ലാതെയാണ് ഇന്ത്യ നേരിട്ടത്. തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച ഇന്ത്യ തന്നെയാണ് ആദ്യം വല കുലുക്കിയതും. നാലാം മിനിറ്റില്‍ ദീപക്കാണ് ഹെഡറിലൂടെ അര്‍ജന്റീനന്‍ ഗോളിയെ മറികടന്ന് ഇന്ത്യക്ക് ലീഡ് ഉയര്‍ത്തിയത്.

പിന്നെ ഗോളടിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം തന്നെ സ്വന്തം വല കാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇതോടെ ആദ്യ പകുതി അവസാനിക്കും വരെ സ്‌കോര്‍ 1-0 ല്‍ തന്നെ നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അനികേതിന് ചുവപ്പ് കാര്‍ഡ് കിട്ടിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ ആദ്യമൊന്ന് പിന്നോട്ട് വലിഞ്ഞെങ്കിവും പിന്നീട് മുന്നോട്ട് കയറി. അന്‍വര്‍ അലിയിലൂടെ അര്‍ജന്റീനന്‍ വലകുലുക്കി ലീഡ് ഉയര്‍ത്തുകയായിരുന്നു. 68-ാം മിനിറ്റിലാണ് അന്‍വര്‍ അലി ഒരു ലോങ് റേഞ്ചിലൂടെ 2-0 എന്ന നിലയില്‍ ടീമിനെ മുന്നില്‍ എത്തിച്ചത്.

വിജയത്തിന് അരികെ ഇന്ത്യ എത്തി നില്‍ക്കെ ഒരു ഗോള്‍ മടക്കി അര്‍ജന്റീന ഭീഷണി ഉയര്‍ത്തിയെങ്കിലും പ്രതിരോധ കോട്ട തീര്‍ത്ത് ഇന്ത്യ ചരിത്ര ജയം ഉറപ്പിക്കുകയായിരുന്നു. കോടിഫ് കപ്പില്‍ കഴിഞ്ഞ മത്സരത്തില്‍ വെനിസ്വേലയെ സമനിലയില്‍ പിടിക്കാനും ഇന്ത്യക്കായിരുന്നു. ഇന്ന് ജയിച്ചു എങ്കിലും ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 9 പോയിന്റോടെ അര്‍ജന്റീനയും 7 പോയിന്റോടെ വെനിസ്വേലയുമാണ് ഗ്രൂപ്പ് ഘട്ടം കടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook