സ്വന്തം മണ്ണിൽ തോൽവിയറിയാതെ ഏഴ് വർഷംകൊണ്ട് 11 പരമ്പരകൾ പൂർത്തീകരിച്ച ഇന്ത്യ വിജയക്കുതിപ്പ് തുടരാൻ ബംഗ്ലാദേശിനെതിരെ ഇറങ്ങും. നാളെ മുതലാണ് ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം. ഇന്ത്യയിൽ ഏറ്റവും ഒടുവിൽ ടീം ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് 2012ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു. പിന്നീടങ്ങോട്ട് ഓരോ വിജയവും എണ്ണി എണ്ണി അക്കൗണ്ടിലാക്കി.

ഈ കാലയളവിൽ പല മുൻനിര ടീമുകളും അവരുടെ നാട്ടിൽ ഒന്നിലധികം പരാജയങ്ങൾ ഏറ്റുവാങ്ങി. കഴിഞ്ഞ അഞ്ചു വർഷത്തെ മാത്രം കണക്കെടുത്താൽ കളിച്ച 26 മത്സരങ്ങളിൽ 20ലും ഇന്ത്യ വിജയിച്ചു. വിജയശതമാനം 77. സ്വന്തം മണ്ണിൽ ഓസ്ട്രേലിയയുടെ വിജയശതമാനം 63, ഇംഗ്ലണ്ടിന്റേത് 61.7, ദക്ഷിണാഫ്രിക്കയുടേത് 66മാണ്. ഈ പട്ടികയിൽ ബഹുദൂരം മുന്നിലാണ് ടീം ഇന്ത്യ.

Also Read: ഇവന്‍ ഒരു റൗണ്ട് ഓടും! ദീപക് ചാഹറിന് വീണ്ടും ഹാട്രിക്, മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ

ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൾഡിങ്ങിലും ഒരേപോലെ തിളങ്ങുന്ന ഇന്ത്യൻ ടീം നേടിയതിലധികവും ആധികാരിക ജയങ്ങൾ തന്നെയായിരുന്നു. നേരത്തെ പറഞ്ഞതുപോലെ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ കളിച്ച 26 മത്സരങ്ങളിൽ 21ലും ഇന്ത്യൻ ബോളർമാർ എതിരാളികളുടെ 20 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ആകെ വീഴ്ത്തിയത് 491 വിക്കറ്റുകൾ, ഇതിൽ 324ലും സ്‌പിന്നേഴ്സിന്റെ വക. സ്പിന്നർമാരിൽ തന്നെ അശ്വിനും ജഡേജയും ചേർന്ന് നേടിയത് 284 വിക്കറ്റുകൾ. പേസർമാരിൽ ബുംറയും ഇഷാന്തും ഉമേഷും ഷമിയുമെല്ലാം മിന്നും ഫോമിലാണ്.

Also Read; ഐസിസി ഏകദിന റാങ്കിങ്ങ്; കരുത്ത് കാട്ടി ഇന്ത്യൻ താരങ്ങൾ

1990ന് ശേഷം ഇന്ത്യ ഒരു ബൈലാറ്ററൽ പരമ്പര പോലും സ്വന്തം മണ്ണിൽ കൈവിട്ടിട്ടില്ലെന്ന് എടുത്ത് പറയണം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യയുടെ പ്രകടനവും എടുത്ത് പറയണം. ലോക റാങ്കിങ്ങിൽ ഇന്ത്യ തങ്ങളുടെ സ്ഥാനം ഓരോ പരമ്പര കഴിയുമ്പോഴും ഉറപ്പിച്ചുകൊണ്ടിരുന്നു.

ബംഗ്ലാദേശിനെതിരെ നാളെ ഇറങ്ങുമ്പോഴും ഈ കണക്കുകൾ തന്നെയാണ് ഇന്ത്യൻ താരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നത്. ഈ കലണ്ടർ വർഷത്തെ തങ്ങളുടെ അവസാന ടെസ്റ്റ് പരമ്പരയ്ക്കാണ് നാളെ ഇൻഡോറിൽ തുടക്കമാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook