വരുന്ന സീസണിലേക്കുള്ള ഐസിസി അംപയർമാരുടെ എലൈറ്റ് പാനലിലേക്ക് ഇന്ത്യൻ അംപയർ നിതിൻ മേനോനും. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 2020-2021 സീസണിലേക്കുള്ള ഐസിസി അംപയർമാരുടെ പട്ടികയിലാണ് നിതിൻ മേനോനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംപയറെന്ന റെക്കോര്‍ഡിനും 36 കാരനായ നിതിൻ അര്‍ഹനായി.

രാജ്യാന്തര വേദികളിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനമറിയിച്ച അംപയറാണ് നിതിൻ. ന്നു ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും 16 ടി20കളിലും അദ്ദേഹം അംപയറായിരുന്നു. ഇംഗ്ലണ്ടിന്റെ നൈജല്‍ ലോങിനു പകരമാണ് അടുത്ത സീസസണിലേക്കു നിതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐസിസിയുടെ എലൈറ്റ് പാനലിലെത്തിയ മൂന്നാമത്തെ മാത്രം ഇന്ത്യൻ അംപയറാണ് നിതിൻ എന്ന പ്രത്യേകതയുമുണ്ട്.

Also Read: സച്ചിനെയും ഗാംഗുലിയെയും ലോകകപ്പിൽ നിന്ന് തടഞ്ഞത് ദ്രാവിഡ്; വെളിപ്പെടുത്തലുമായി മുൻ മാനേജർ

ഇന്ത്യന്‍ വംശജരായ ശ്രീനിവാസ് വെങ്കട്ടരാഘവന്‍, സുന്ദരം രവി എന്നിവര്‍ പാനലിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ഒഴിവാക്കപ്പെടുകയായിരുന്നു. മുൻ രാജ്യാന്തര അംപയർ നരേന്ദ്ര മേനോന്റെ മകൻ കൂടിയാണ് നിതിൻ മേനോൻ.

“എലൈറ്റ് പാനലിൽ ഉൾപ്പെട്ടത് വലിയ അഭിമാനമായി കരുതുന്നു. ലോകത്തിലെ പ്രമുഖ അംപയര്‍മാരോടും റഫറിമാരോടുമൊപ്പം സ്ഥിരമായി മല്‍സരങ്ങള്‍ നിയന്ത്രിക്കിക്കുന്നത് എല്ലായ്‌പ്പോഴും സ്വപ്‌നം കണ്ടിരുന്നു. ഈയൊരു വികാരത്തിലേക്കു ഇനിയും മുഴുകാന്‍ എനിക്കായിട്ടില്ല,” നിതിൻ പ്രതികരിച്ചു.

Also Read: ധോണിക്കായി ബ്രാവോയുടെ പാട്ട്; ‘നമ്പർ 7’ ടീസർ പുറത്ത്

ഐസിസിയുടെ എലൈറ്റ് അംപയര്‍മാരുടെ പാനലിലെത്തിയതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പര നിയന്ത്രിക്കാന്‍ നിതിനു അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഐസിസി ജനറല്‍ മാനേജര്‍ (ക്രിക്കറ്റ്) ജോഫ് അലര്‍ഡൈസ് (ചെയര്‍മാന്‍), മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍, മാച്ച് റഫറിമാരായ രഞ്ജന്‍ മധുകലെ, ഡേവിഡ് ബൂണ്‍ എന്നിവരുള്‍പ്പെട്ട പാനലാണ് നിതിനെ ഐസിസി എലൈറ്റ് അംപയര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook