അണ്ടർ 19 ഏഷ്യാകപ്പിൽ ഇന്ത്യക്ക് കൂറ്റൻ വിജയം. 227 റൺസിനാണ് ഇന്ത്യ യുഎഇയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും, അനൂജ് റാവത്തിന്റെയും സെഞ്ചുറിക്കരുത്തിൽ 50 ഓവറിൽ 354/6 എന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്.

മറുപടി ബാറ്റിങിനിറങ്ങിയ യുഎഇ 127 റൺസിന് പുറത്താകുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ അനൂജ് റാവത്തും, മലയാളി താരം ദേവ്ദത്ത് പടിക്കലും കൂറ്റൻ അടികളുമായി റൺറേറ്റ് അതിവേഗം ഉയർത്തി. 205 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്.

യുഎഇ ബോളർമാർക്ക് തലവേദനയായത് മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്ദത്തായിരുന്നു. 115 പന്തിൽ നിന്നും 15 ബൗണ്ടറികളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെ 121 റൺസാണ് താരം അടിച്ച് കൂട്ടിയത്. അനൂജ് റാവത്ത് 115 പന്തിൽ 10 ബൗണ്ടറികളും 5 സിക്സറുകളുമടക്കം‌ 102 റൺസും സ്കോർ ചെയ്തു. ഇരുവരും പുറത്തായതിന് ശേഷം പിന്നാലെ എത്തിയ നായകൻ പവൻഷായും സമീർ ചൗധരിയും ആഞ്ഞടിച്ചപ്പോൾ ഇന്ത്യൻ സ്കോർ 354 റൺസിലെത്തുകയായിരുന്നു.

മറുപടി ബാറ്റിങിനിറങ്ങിയ യുഎഇ അക്കൌണ്ട് തുറക്കുംമുമ്പേ ഓപ്പണർ റോണാക്ക് പുറത്ത്. പിന്നാലെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യൻ ബോളർമാർ അതിവേഗം കളി അവസാനിപ്പിക്കുകയായിരുന്നു. 4 യുഎഇ താരങ്ങളെയാണ് പൂജ്യത്തിന് പുറത്താക്കിയത്. 41 റൺസെടുത്ത അലി മിശ്രക്ക് മാത്രമാണ് യുഎഇ നിരയിൽ തിളങ്ങാനായത്.

ഈ വർഷത്തെ അണ്ടർ 19 ഏഷ്യാകപ്പിൽ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. കഴിഞ്ഞ ദിവസം നേപ്പാളിനെതിരെ നടന്ന ആദ്യ മത്സരത്തിൽ അവർ 172 റൺസിന്റെ തകർപ്പൻ ജയം നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook