ബ്ലോംഫൊണ്ടെയ്ൻ: അണ്ടർ 19 ലോകകപ്പിൽ ജയത്തോടെ തുടങ്ങി നിലവിലെ ചാംപ്യന്മാരായ ഇന്ത്യ. അയൽക്കാരായ ശ്രീലങ്കയെ 90 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 297 റൺസെന്ന സ്കോർ പിന്തുടർന്ന ശ്രീലങ്കയ്ക്ക് 207 റൺസിന് പുറത്തുവുകയായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം സ്ഥാപിച്ച ഇന്ത്യ അർഹിച്ച വിജയവും സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർ നൽകിയത്. എന്നാൽ ടീം സ്കോർ 66ൽ എത്തിയപ്പോഴേക്കും ദിവ്യാഷ് സക്സേന പുറത്തായി. ക്രീസിൽ നിലയുറപ്പിച്ച യാശ്വസി ജയ്സ്വാളിന് കൂട്ടായി തിലക് വർമ എത്തിയതോടെ ഇന്ത്യൻ സ്കോർബോർഡ് ഉയർന്നു. 74 പന്തിൽ 59 റൺസെടുത്ത യാശ്വസി പോകുമ്പോൾ ഇന്ത്യൻ സ്കോർ 112ൽ എത്തിയിരുന്നു.
പിന്നാലെ എത്തിയ നായകൻ പ്രിയം ഗാർഗ് ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തതോടെ ഇന്ത്യ വീണ്ടും കുതിച്ചു. കൃത്യമായ ഇടവേളകളിൽ ശ്രീലങ്കൻ താരങ്ങൾ ഇന്ത്യൻ വിക്കറ്റ് വീഴ്ത്തുമ്പോഴും ക്രീസിലെത്തിയവരെല്ലാം ഇന്ത്യൻ സ്കോറിങ്ങിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെന്ന സ്കോറിലെത്തി. പ്രിയം ഗാർഗ്, ധ്രൂവ് ജൂറൽ എന്നിവരും അർധസെഞ്ചുറി തികച്ചു.
ഇന്ത്യ: 297/4 – യാശ്വസി ജയ്സ്വാൾ-59, ദിവ്യാൻഷ് സക്സേന – 23, തിലക് വർമ്മ – 46, പ്രിയം ഗാർഗ് – 56, ധ്രൂവ് ജൂറൽ – 52*, സിദ്ദേഷ് വീർ – 44*
മറുപടി ബാറ്റിങ്ങിൽ നാലാം ഓവറിൽ തന്നെ ഓപ്പണർ നവോദിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുച്ചേർന്ന കമിൽ മിശാറ-രവിന്ദു രാസന്ത സഖ്യം ലങ്കൻ സ്കോറിങ്ങിന് അടിത്തറ പാകി. 39 റൺസെടുത്ത കമിലും 49 റൺസെടുത്ത രവിന്ദുവും പോയതിന് പിന്നാലെ നായകൻ നിപുൻ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. 59 പന്തിൽ 50 റൺസെടുത്ത നിപുനിന് മികച്ച പിന്തുണ നൽകാൻ മധ്യനിരയ്ക്കും വാലറ്റത്തിനും സാധിക്കാതെ വന്നതോടെ 207 റൺസിൽ എല്ലാവരും പുറത്ത്.
ആകാശ് സിങ്, സിദ്ദേശ് വിർ, രവി ബിഷ്ണോയി എന്നിവർർ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിങ്ങിന് പിന്നാലെ ബോളിങ്ങിലും തിളങ്ങിയ സിദ്ദേശ് വീറാണ് കളിയിലെ താരം. ജനുവരി 21ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Read Her: നായകൻ വില്ലനായി; ജംഷഡ്പൂരിനോട് അടിയറവ് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്