സെൻവെസ് പാർക്ക്: അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് ഇന്ത്യയ്ക്ക് ഇനി ഒരു വിജയം മാത്രം അകലം. സെമിഫൈനൽ പോരാട്ടത്തിൽ പാക്കിസ്ഥാനെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ബോളർമാർക്ക് പിന്നാലെ ഇന്ത്യൻ ഓപ്പണർമാരും കരുത്ത് കാട്ടിയ മത്സരത്തിൽ 14 ഓവർ ബാക്കി നിർത്തിയാണ് പാക്കിസ്ഥാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. യശ്വസി ജയ്സ്വാളിന്റെ സെഞ്ചുറി ഇന്നിങ്സാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
പാക്കിസ്ഥാനെ ചെറിയ സ്കോറിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ അനായാസം മുന്നേറി. തുടർച്ചയായ മൂന്ന് അർധസെഞ്ചുറി പ്രകടനങ്ങൾക്ക് ശേഷം പാക്കിസ്ഥാനെതിരെ യശ്വസി സെഞ്ചുറിയും തികച്ചതോടെ ഇന്ത്യ ജയത്തിലേക്ക് അനായാസം കുതിച്ചു. 113 പന്തിൽ നാല് സിക്സും എട്ട് ഫോറും ഉൾപ്പടെ 105 റൺസാണ് യശ്വസി ജയ്സ്വാൾ അടിച്ചെടുത്തത്. മറ്റൊരു ഓപ്പണർ ദിവ്യാൻഷ് സക്സേന അർധസെഞ്ചുറിയും തികച്ചു. 99 പന്തിൽ 59 റൺസായിരുന്നു ദിവ്യാൻഷിന്റെ സമ്പാദ്യം.
ഇന്ത്യൻ ബോളിങ് നിര കരുത്ത് കാട്ടിയ മത്സരത്തിൽ മൂന്ന് പാക്കിസ്ഥാൻ താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അർധസെഞ്ചുറി നേടിയ ഓപ്പണർ ഹയ്ദർ അലിയുടെയും നായകൻ റൊഹെയ്ൽ നസീറിന്റെയും ഇന്നിങ്സാണ് വൻ നാണക്കേടിൽ നിന്ന് പാക്കിസ്ഥാനെ രക്ഷപ്പെടുത്തിയത്.
India bowl Pakistan out for 172.
Can they chase it down?#U19CWC | #INDvPAK | #FutureStars pic.twitter.com/YlYgXargj5
— Cricket World Cup (@cricketworldcup) February 4, 2020
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന് തുടർച്ചയായ ഇടവേളകളിൽ വീണ്ടും വിക്കറ്റുകൾ നഷ്ടമായതോടെ പാക്കിസ്ഥാൻ തകർച്ചയിലേക്ക് വീണു.
Also Read: ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി പൃഥ്വി ഷാ, ഏകദിനത്തിൽ രോഹിത്തിനുപകരം മായങ്ക്
ഹയ്ദർ അലിയുടെയും നായകൻ റൊഹെയ്ൽ നസീറിന്റെയും രക്ഷാപ്രവർത്തനമാണ് പാക്കിസ്ഥാന് കരുത്തായത്. 77 പന്തിൽ ഹയ്ദർ അലി 56 റൺസ് നേടിയപ്പോൾ 102 പന്തിൽ 62 റൺസായിരുന്നു റൊഹെയിലിന്റെ സമ്പാദ്യം. 21 റൺസുമായി മുഹമ്മദ് ഹാരീസും പിന്തുണ നൽകിയെങ്കിലും മറ്റുള്ളവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.
Also Read: കഴിഞ്ഞ 20 വർഷത്തിനിടെ കായിക ലോകത്ത് സംഭവിച്ചതിൽ ഏറ്റവും സുന്ദരമായ നിമിഷം ഇതോ?
ഇന്ത്യയ്ക്കുവേണ്ടി സുശാന്ത് മിശ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടു വിക്കറ്റുമായി കാർത്തിക് ത്യാഗിയും രവി ബിഷ്ണോയിയും ബോളിങ്ങിൽ തിളങ്ങിയപ്പോൾ പാക്കിസ്ഥാൻ ചെറിയ സ്കോറിലൊതുങ്ങി.