അണ്ടർ 19 എഷ്യകപ്പിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. സെമിയിലെ നാടകീയ ജയത്തിലൂടെയായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം. രണ്ട് റൺസിനാണ് ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയിത്. ഇന്ത്യ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 170 റൺസിന് പുറത്താകുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പേരുകേട്ട ഇന്ത്യയുടെ കൗമാര ബാറ്റിങ് നിര ബംഗ്ലാദേശിന് മുന്നിൽ പാടെ തകർന്നടിഞ്ഞു. ബംഗ്ലാദേശ് നിരയിലെ എട്ട് കളിക്കാരും പന്തെറിയാനെത്തിയതോടെ ഇന്ത്യൻ സ്കോർ 172ൽ ഒതുങ്ങി. 37 റണ്‍സെടുത്ത ഓപ്പണര്‍ യാഷസ്‌വി ജയ്‌സ്വാള്‍, 36 റണ്‍സെടുത്ത സമീര്‍ ചൗധരി 35 റൺസെടുത്ത അനുജ് റാവത്ത് എന്നിവർക്ക് മാത്രമേ ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞുള്ളൂ.

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനും തുടക്കം മുതൽ പിഴച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. എന്നാൽ വിജയ സാധ്യത ബംഗ്ലാദേശിന് തന്നെയായിരുന്നു. അവസാന മൂന്നുവിക്കറ്റ് കൈയ്യിലിരിക്കെ 12 റണ്‍സ് മതിയായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍. എന്നാൽ ഒമ്പത് റൺസ് കൂടി അക്കൗണ്ടിൽ കൂട്ടിച്ചേർക്കുന്നതിനിടയിൽ മൂന്ന് പേരും പുറത്ത്. ഇതോടെ ഇന്ത്യ വിജയിക്കുകയായിരുന്നു, ഒപ്പം ഫൈനൽ പ്രവേശനവും.

ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകൾ വീതം നേടിയ മോഹിത് ജംഗ്ര, സിദ്ധാർത്ഥ് ദേശായി എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഹർഷ് ത്യാഗി രണ്ട് വിക്കറ്റും അജയ് ഗംഗാപുരം ഒരു വിക്കറ്റും വീഴ്ത്തി. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിലെ ശ്രീലങ്ക-അഫ്ഗാന്‍ മത്സരവിജയിയാകും ഫൈനലിലെ ഇന്ത്യയുടെ എതിരാളികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook