അരിസോ: അണ്ടര്‍ 17 ഫുട്ബോളില്‍ ഇറ്റലിക്കെതിരെ ഇന്ത്യയ്ക്ക് വിജയം. ഒക്ടോബറില്‍ തുടങ്ങുന്ന അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിലാണ് ഇന്ത്യയുടെ വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയരെ ഇന്ത്യ തോല്‍പ്പിച്ചത്.

31ആം മിനുട്ടില്‍ അഭിജിത്ത് സര്‍ക്കാരിലൂടെയാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ആക്രമിച്ച് കളിച്ച ഇന്ത്യയെ ആദ്യ പകുതി വരെ ഇറ്റാലിയന്‍ പ്രതിരോധനിര പിടിച്ചുകെട്ടി. നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും മുതലാക്കാന്‍ ഇന്ത്യയ്ക്കായില്ല. 59ആം മിനുട്ടില്‍ ഗോളെന്ന് ഉറച്ച ഒരു മുന്നേറ്റം അനികേത് പാഴാക്കി.

എന്നാല്‍ 80ആം മിനുട്ടില്‍ രാഹുലിന്റെ തകര്‍പ്പന്‍ ഷോട്ട് ഇന്ത്യയ്ക്ക് രണ്ടാം ഗോള്‍ എത്തിച്ചു. ഇതോടെ ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിന് ഇറ്റലിക്ക് യോഗ്യത നേടാനായില്ല. ഒക്ടോബര്‍ 6ന് തുടങ്ങുന്ന മത്സരം 28 വരെ നീണ്ടു നില്‍ക്കും. കൊച്ചിയും ഫിഫ ലോകകപ്പ് വേദിയാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ