അണ്ടര്‍ 16 എഷ്യൻ ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം രചിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് സിയിലെ നിർണ്ണായക പോരാട്ടത്തില്‍ ഇന്തോനേഷ്യയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയാണ് ഇന്ത്യ ക്യാർട്ടർ ബെർത്ത് ഉറപ്പിച്ചത്. ക്വാർട്ടറിൽ വിജയിച്ച് സെമിയില്‍ എത്താനായാല് അടുത്തവര്‍ഷത്തെ അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യക്ക് നേരിട്ട് യോഗ്യത നേടാം.
ശക്തരായ ദക്ഷിണകൊറിയെയാകും ക്വാർട്ടറിൽ ഇന്ത്യ നേരിടുക. ടൂർണമെന്റിൽ ഇതുവരെ തുടരുന്ന മികച്ച ഫോം അടുത്ത മത്സരത്തിലും ഇന്ത്യൻ കൌമാര നിര പുറത്തെടുത്താൽ മറ്റൊരു ചരിത്രത്തിനാകും അത് വഴിതെളിക്കുക. കഴിഞ്ഞ 16 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ എഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്.
Congratulations to our U16 boys as they have qualified to the quarter-finals of the Continental Championship after 16 long years. #StarsOfTomorrow #WeAreIndia #BackTheBlue #Indianfootball pic.twitter.com/6jsNBKdSrU
— Indian Football Team (@IndianFootball) September 27, 2018
കരുത്തുറ്റ പ്രതിരോധമാണ് ഇന്ത്യൻ നിരയുടെ തുറപ്പ് ചീട്ട്. ഗോൾ അവസരമൊരുക്കുന്നതിൽ മധ്യനിരയും വിങുകളും ഉണർന്നു തന്നെ കളിക്കുന്നുണ്ട്. കിടിലന്‍ സേവുകളുമായി ഇന്ത്യന്‍ ഗോളി നീരജ് കുമാറും ഗോൾവലക്ക് മുന്നിലുണ്ട്. നിലവിലെ ഗോൾ ക്ഷാമമകറ്റാൻ മുന്നേറ്റ നിരക്കായാൽ ഏത് വമ്പന്മാരെയും വീഴ്ത്താൻ കെൽപ്പുള്ള ടീം തന്നെയാണ് ഇന്ത്യ.
ഇന്ത്യക്കാരൻ തന്നെയായ കോച്ച് ബിബിയാനോ ഫെർണാണ്ടസിന് കീഴിൽ ഇന്ത്യയുടെ കുട്ടിപട ഒരുപാട് വളർന്നു. അടിമുടി മാറിയ ഇന്ത്യൻ ഫുട്ബോൾ ശൈലി എഷ്യൻ ചാമ്പ്യൻഷിപ്പിൽ വളരെ വ്യക്തമായിരുന്നു. കൃത്യമായി കളിതന്ത്രങ്ങൾ പിന്തുടരുന്ന കുട്ടിപട, നിർദ്ദേശങ്ങളുമായി ബോക്സിൽ അവരുടെ പ്രിയപ്പെട്ട കോച്ച് ബിബിയാനോ ഫെർണാണ്ടാസും.
ആദ്യ മത്സരത്തിൽ വിയറ്റ്നാമിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം.വിക്രം പ്രതാപ് സിങിന്റെ ഗോളിലായിരുന്നു ഇന്ത്യൻ വിജയം. പിന്നീട് നടന്ന മത്സരത്തിൽ ശക്തരായ ഇറാനെതിരെ ഗോൾരഹിത സമനില. പിന്നെ ഇന്തോനേഷ്യയെയും ഗോൾ രഹിത സമനിലയിൽ കുരുക്കി ക്വാർട്ടറിൽ. അടുത്ത മത്സരം കൂടി വിജയിച്ച് സ്വപ്ന വേദിയിൽ കളിക്കാനാകും ഇന്ത്യൻ കുട്ടികൾ അടുത്ത മത്സരത്തിനിറങ്ങുക.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook