ബാംഗ്ലൂർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ മാറ്റം. പരുക്കേറ്റ കളിക്കാർക്ക് പകരക്കാരായി പൃഥ്വി ഷായെയും സൂര്യ കുമാർ യാദവിനെയും ടീമിൽ ഉൾപ്പെടുത്തി. അഞ്ചു മത്സരങ്ങളുടെ പരമ്പര ആഗസ്റ്റ് നാലിനാണ് ആരംഭിക്കുക.
ഓൾറൗണ്ടർമാരായ വാഷിംഗ്ടൺ സുന്ദർ, ആവേശ് ഖാൻ, എന്നിവരും ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മൻ ഗിലുമാണ് പരുക്കുമൂലം ടീമിൽ നിന്നും പുറത്തായത്.
“സുന്ദറിന്റെ വലതു കൈയിലെ ബോളിങ് വിരലിന് പരുക്കേറ്റു, പരുക്കിൽ നിന്നും മുക്തനാകാൻ അദ്ദേഹത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം വേണം” ബിസിസിഐ പുറത്തിറക്കിയ പ്രസ്തവാനയിൽ പറഞ്ഞു.
“ഫാസ്റ്റ് ബോളർ ആവേശ് ഖാന് പരിശീലന മത്സരത്തിന്റെ ആദ്യ ദിവസം ഇടതു കൈയുടെ തള്ളവിരലിൽ പരുക്കേറ്റു, എക്സ്-റെയിൽ ഒടിവുണ്ടെന്ന് വ്യക്തമായി, പരുക്ക് ചികിൽസിക്കുന്നതിന് സ്പെഷ്യലിസ്റ്റിനെ കണ്ടിരുന്നു. അദ്ദേഹവും പരമ്പരയിൽ നിന്നും പുറത്തായി,” എന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനിടയിൽ ഇടതു കാലിനു പരുക്കേറ്റ ശുഭ്മൻ ഗിൽ നാട്ടിലേക്ക് തിരിച്ചെന്നും ബിസിസിഐ പറഞ്ഞു.
അതേസമയം, കോവിഡ് മുക്തനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് പരിശീലനം ആരംഭിച്ചു. രണ്ടു നെഗറ്റീവ് ആർടി പിസിആർ ഫലങ്ങൾക്ക് ശേഷം ബിസിസിഐ മെഡിക്കൽ ടീമിന്റെ അനുമതി ലഭിച്ചതിനു ശേഷമാണു പരിശീലനം ആരംഭിച്ചത്.
ബോളിംഗ് കോച്ച് ബി. അരുൺ, വൃദ്ധിമാൻ സാഹ, അഭിമന്യു ഈശ്വരൻ എന്നിവരും ക്വാറന്റൈൻ പൂർത്തിയാക്കി ഡർഹാമിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു.
ഇന്ത്യൻ ടീം: രോഹിത് ശർമ, മയങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), അഭിമന്യു ഈശ്വരൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്
സ്റ്റാൻഡ്‌ബൈ കളിക്കാർ: പ്രസീദ് കൃഷ്ണ, അർസാൻ നാഗവാസ്വല്ല