ഓസ്ട്രേലിയൻ പര്യടനത്തിനെത്തുന്ന ഇന്ത്യൻ താരങ്ങൾ അഡ്‌ലെയ്ഡിൽ ക്വാറന്റൈനിൽ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ആക്‌ടിങ് ചീഫ് നിക്ക് ഹോക്ക്‌ലി. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി താരങ്ങൾ ക്വാറന്റൈൻ നിർബന്ധമായും പൂർത്തിയാക്കണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെടുന്നത്.

ക്വാറന്റൈൻ കാലവാധി ഒരാഴ്‌ചയായി കുറയ്ക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഈ ആവശ്യം തള്ളുകയായിരുന്നു. ഇത്രയും ദിവസം ഹോട്ടലിൽ കഴിയുന്നത് താരങ്ങളുടെ മാനസികാവസ്ഥയേയും കളിയുടെ നിലവാരത്തേയും ബാധിക്കുമെന്നായിരുന്നു ഗാംഗുലിയുടെ വാദം.

അതേസമയം ക്വാറന്റൈൻ സമയത്ത് താരങ്ങൾക്ക് പരിശീലനത്തിനുള്ള സൗകര്യമൊരുക്കുമെന്നും ഹോക്ക്‌ലി വ്യക്തമാക്കി. അഡ്ലെയ്‌ഡ് ഓവലിൽ പരിശീലനവും അവിടെ പുതുതായി നിർമിച്ച ഹോട്ടലിൽ താമസ സൗകര്യവും ഒരുക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പദ്ധതിയിടുന്നത്.

“രണ്ടാഴ്ചത്തെ ക്വാറന്റൈനിൽ കഴിയുമ്പോൾ കളിക്കാർക്ക് മികച്ച പരിശീലന സൗകര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. അതിനാൽ മത്സരങ്ങൾക്കായുള്ള അവരുടെ തയ്യാറെടുപ്പ് സാധ്യമായത്രയും മികച്ചതാകും,” ഹോക്ക്‌ലി പറഞ്ഞു.

ഓസ്‌ട്രേലിയയുമായി പരമ്പര നടത്തുന്നതിന് രണ്ട് ആഴ്ച ക്വാറന്റൈനില്‍ കഴിയാന്‍ ഇന്ത്യന്‍ ടീം തയ്യാറാണെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായുള്ള പരമ്പര നടക്കാതെ വന്നാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് 300 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ നഷ്ടമുണ്ടാകും. സെപ്തംബര്‍ 30 വരെ ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook