മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇനി മുതൽ വിദേശപര്യടനങ്ങളിൽ കളി മാറ്റി പരീക്ഷിക്കാൻ ടീം ഇന്ത്യ. ഇനിയുളള വിദേശപര്യടനങ്ങളിൽ ടെസ്റ്റ് ആദ്യം കളിക്കില്ലെന്നും പരിമിത ഓവർ മത്സരമായിരിക്കും കളിക്കുകയെന്നും ബിസിസിഐ നിലപാട് എടുത്തു.

വേണ്ടവിധം തയ്യാറെടുപ്പുകളില്ലാതെ കളിക്കാനിറങ്ങിയതാണ് ദക്ഷിണാഫ്രിക്കയിൽ ഒരിക്കൽ കൂടി ടെസ്റ്റ് പരമ്പര തോറ്റതെന്ന നിഗമനമാണ് തീരുമാനത്തിലേക്ക് എത്തിച്ചത്. ബിസിസിഐ സിഇഒ രാഹുൽ ജോഹ്രിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷം ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങളിൽ ടീം ഇന്ത്യ ടെസ്റ്റ് മത്സരമാകും ആദ്യം കളിക്കുക. വേനൽക്കാലത്ത് ഇംഗ്ലണ്ടിൽ ഒന്നരമാസമാണ് ഇന്ത്യ പര്യടനം നടത്തുന്നത്. ആദ്യം പരിമിത ഓവർ കളിച്ചാൽ ടെസ്റ്റ് മത്സരം കളിക്കുമ്പോഴേക്കും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ടീമിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇംഗ്ലണ്ടിനോടും ഓസീസിനോടും തങ്ങളുടെ പുതിയ തീരുമാനം ബിസിസിഐ ചർച്ച ചെയ്തു. അനുകൂല നിലപാടാണ് ഇരു ബോർഡുകളും കൈക്കൊണ്ടത്. ഇതിന് പുറമേ അഞ്ച് വർഷത്തെ മത്സര പരമ്പരകൾ താരങ്ങളെ മുൻകൂട്ടി അറിയിക്കുമെന്നും ഇതനുസരിച്ച് തയ്യാറെടുപ്പുകൾ നടത്താൻ താരങ്ങൾക്കും ബിസിസിഐക്കും സാധിക്കുമെന്നും രാഹുൽ ജോഹ്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ