സിഡ്നി: ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പരമ്പര സമനിലയിലായതോടെ ഇന്ത്യയ്ക്കെതിരെ ആതിഥേയർ സമ്മർദ്ദത്തിലായിരുന്നു. സിഡ്നിയിൽ നടന്ന മൂന്നാം മത്സരത്തിൽ അത് വളരെ വ്യക്തവുമായിരുന്നു. തുടർച്ചയായി ഇന്ത്യൻ താരങ്ങളെ കങ്കാരുക്കൾ സ്ലെഡ്ജ് ചെയ്തുകൊണ്ടേയിരുന്നു, ഒരു ഘട്ടത്തിൽ വളരെ മോശമായ രീതിയിൽ കാണികളും അത് ഏറ്റെടുത്തു. അതേസമയം നിരന്തരം ടീമിനെ വേട്ടയാടുന്ന പരുക്കും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം മറികടന്നാണ് ഇന്ത്യ വിജയത്തോളം പോന്നൊരു സമനില സ്വന്തമാക്കിയത്.

ശ്രദ്ധ തിരിക്കുന്ന സ്ലെഡ്ജിങ്

ഇന്ത്യൻ താരങ്ങൾ ക്രീസിലെത്തുമ്പോഴെല്ലാം പന്തിനൊപ്പം സ്ലെഡ്ജിങ്ങും കങ്കാരുക്കൾ അവർക്കെതിരെ എറിയും. മാനസികമായും തളർത്തുന്ന തരത്തിലായിരിക്കും പല വാക്കുകളും. ചിലത് പ്രകോപനമുണ്ടാക്കി അതിവേഗം വിക്കറ്റ് നഷ്ടത്തിനും കാരണമാകും. കളിയിൽ നിന്നും ബാറ്റ്സ്മാന്റെ ശ്രദ്ധ തിരിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.

Also Read: ‘തട്ടീം മുട്ടീം’ കങ്കാരുക്കളുടെ ക്ഷമ പരീക്ഷിച്ച് ഇന്ത്യ; സിഡ്‌നി ടെസ്റ്റ് സമനിലയിൽ

രോഹിത് ശർമയ്ക്കെതിരെ സ്ലെഡ്ജിങ്ങിന്റെ മറ്റൊരു മാതൃകയ്ക്കും സിഡ്നി വേദിയായി. പൊതുവെ കണ്ടുവരുന്ന മൂർച്ഛയേറിയ വാക്കുകൾ ഉപയോഗിച്ചുള്ള സ്ലെഡ്‌ജിങ് ആയിരുന്നില്ല ലാബുഷെയ്‌ൻ നടത്തിയത്. ചിരിച്ചുകൊണ്ട് ബാറ്റ്‌സ്‌മാന് അടുത്തേക്ക് എത്തുകയും ശേഷം വളരെ കൂളായി ഓരോരോ ചോദ്യങ്ങൾ ഉന്നയിച്ച് ബാറ്റ്‌സ്‌മാന്റെ ശ്രദ്ധ തിരിക്കുകയുമാണ് ഓസീസ് താരം. ക്യാച്ചിന് യാതൊരു സാധ്യതയുമില്ലാത്ത പന്ത് ക്യാച്ചാണെന്ന് പറഞ്ഞ് ഓടിയെത്തുക. മറ്റ് താരങ്ങളോട് നിർത്താതെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുക. തുടങ്ങിയ കാര്യങ്ങളെല്ലാം ലാബുഷെയ്‌ൻ തുടർന്നു.

ഓസിസ് കാണികളുടെ വക വംശിയാധിക്ഷേപം

ഓസിസ് താരങ്ങൾ മൈതാനത്ത് പറയുന്ന വക്കുകളേക്കാൾ അപകടകരവും മോശവുമായിരുന്നു ബൗണ്ടറിക്കപ്പുറത്ത് നിന്ന് കാണികളുടെ വക ഇന്ത്യൻ താരങ്ങൾ നേരിട്ടത്. ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൻ്റെ നാലാം ദിനം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വംശീയ അധിക്ഷേപം നടത്തിയ ആറ് കാണികളെ പൊലീസ് ഇടപെട്ട് സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഇന്ത്യയുടെ മൊഹമ്മദ് സിറാജാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.

സിറാജ് ഇക്കാര്യം ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയോടും അംപയറോടും പരാതിപ്പെട്ടു. തന്നെ അധിക്ഷേപിച്ചവരെ സിറാജ് അംപയർക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. ഒരേ വരിയിൽ ഇരിക്കുകയായിരുന്ന ആറ് പേരെ അംപയറുടെ നിർദേശാനുസരണം പൊലീസ് എത്തി പുറത്താക്കി. സിറാജ്, ബുംറ എന്നിവർക്കെതിരെ മൂന്നാം ദിവസവും വംശീയ അധിക്ഷേപം നടന്നതായി പരാതി ഉയർന്നിരുന്നു.

Also Read: ആരും കാണാത്തതുപോലെ വന്ന് ഗാർഡ് മാർക്ക് മായ്ച്ചു; ചതിയിലൂടെയല്ലാതെ കളിച്ചു ജയിച്ചൂടെയെന്ന് സ്‌മിത്തിനോട് ഇന്ത്യൻ ആരാധകർ

ഗാർഡ് മാർക്ക് മായിച്ചുവരെ ചതി

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനത്തിൽ ക്രിക്കറ്റിനു നിരക്കാത്ത പ്രവൃത്തിയുമായി ഓസീസ് താരം സ്റ്റീവ് സ്‌മിത്ത്. ഇന്ത്യൻ ബാറ്റ്‌സ്‌മാൻ റിഷഭ് പന്തിന്റെ ഗാർഡ് മാർക്ക് മായ്‌ച്ചുകളഞ്ഞ സ്‌മിത്ത് വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. നേരത്തെ പന്ത് ചുരണ്ടൽ കുറ്റത്തിനു ശിക്ഷിക്കപ്പെട്ട താരമാണ് സ്‌മിത്ത്. ഇതേ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിലക്കും ലഭിച്ചിരുന്നു. എന്നാൽ, ഇന്നത്തെ മത്സരത്തിൽ ഗാർഡ് മാർക്ക് മായ്‌ച്ചുകളഞ്ഞതോടെ സ്‌മിത്തിന് ഒരു മാറ്റവുമില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്ന പ്രധാന വിമർശനം. ഓസീസ് ആരാധകർ അടക്കം സ്‌മിത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കൂനിന്മേൽ കൂൻ പോലെ പരുക്ക്

ആദ്യ രണ്ട് മത്സരങ്ങൾക്ക് പിന്നാലെ പേസർമാരായ മുഹമ്മദ് ഷമിയെയും ഉമേഷ് യാദവിനെയും നഷ്ടമായ ഇന്ത്യ മൂന്നാം മത്സരത്തിലും പരുക്കുകൊണ്ട് വീർപ്പുമുട്ടുന്ന കാഴ്ചയായിരുന്നു. ആദ്യ ഇന്നിങ്സിൽ റിഷഭ് പന്താണ് പരുക്കേറ്റ് ആദ്യം പുറത്ത് പോകുന്നത്. താരത്തിന്റെ അഭാവത്തിൽ പകരക്കാരനായി വൃദ്ധിമാൻ സാഹ വിക്കറ്റ് കീപ്പറായി. പിന്നാലെ അശ്വിനും വിഹാരിയും ജഡേജയുമെല്ലാം പരുക്കിന്റെ പിടിയിലായി. എന്നിട്ടും പോരാട്ടം വീര്യം ചോരാതെ ഇന്ത്യൻ താരങ്ങൾ കൂടുതൽ ആത്മവിശ്വാസത്തോടെ കളിച്ചു.

ഇത്രയധികം പ്രതിസന്ധികളെ മറികടന്നാണ് ഇന്ത്യ സിഡ്നിയിൽ സമനില സ്വന്തമാക്കിയത്. അതും കൃത്യമായ ആസൂത്രണത്തോടെയും പോരാട്ട വീര്യത്തോടെയും. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കുകയും മൂന്നാം മത്സരം സമനിലയാവുകയും ചെയ്തതോടെ നാലാം മത്സരം ഏറെ നിർണായകമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook