ഐസിസി വുമൺസ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യൻ വനിതകൾക്ക് ആധികാരിക വിജയം. 88 റൺസിനാണ് ഇന്ത്യ ആദ്യ ഏകദിനത്തിൽ വിജയം കൊയ്തത്. രണ്ട് റൺസിന് സെഞ്ച്വറി നഷ്ടപ്പെട്ട സമൃതി മന്ദാനയുടെ (84 പന്തിൽ 98) തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.

ബാറ്റിംഗിലും മികവിലും കരുത്തുകാട്ടിയാണ് ഇന്ത്യ, ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. ബോളർ ജുലൻ ഗോസാമി 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശിഖ പാണ്ഡെ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.

ഇത്തവണയും ആക്രമണത്തിൽ യാതൊരു കുറവും വരുത്താതെയാണ് സ്മൃതി ബാറ്റ് വീശിയത്. എട്ട് ഫോറും ഒരു സിക്സുമടക്കമാണ് സ്മൃതി 98 റൺസ് നേടിയത്. സ്മൃതിക്ക് പിന്നാലെ മിതാലി രാജ് (45) റൺസെടുത്തു. 50 ഓവറിൽ 213 റൺസാണ് ഇന്ത്യ നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ പ്രഹരം നൽകി ശിഖ പാണ്ഡെയാണ് വിക്കറ്റുകൾ പിഴുതത്. ഓപ്പണർ ലിസല്ലി ലീ (3), തൃഷ ചെട്ടി (5), മിഗ്നോൺ ഡു പ്രീസ് (പൂജ്യം) എന്നിവർ രണ്ടക്കം കാണാതെ മടങ്ങി.

പൂനം യാദവ് 22 വഴങ്ങി 2 വിക്കറ്റ് നേടിയപ്പോൾ ജുലൻ ഗോസാമിയാണ് ദക്ഷിണാഫ്രിക്കയുടെ മധ്യനിരയെയും അവസാന നിരയെയും പൊരുതാൻ അനുവദിക്കാതെ മടക്കിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ നീക്കാർക് (41) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ദക്ഷിണാഫ്രിക്ക 43.2 ഓവറിൽ 125 റണ്ണിന് എല്ലാവരും പുറത്തായി.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ