ട്വന്റി-20 പരമ്പരയിലെ വിജയവും ഏകദിന പരമ്പരയിലെ പരാജയവും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ടെസ്റ്റ് പരമ്പര ജയിക്കുക മാത്രമാണ് മുമ്പിലുള്ള ലക്ഷ്യം. അത് മുന്നില്‍ കണ്ട് ഇന്ത്യ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. യുവതാരം റിഷഭ് പന്തിനെ ടീമില്‍ എടുത്തിട്ടുണ്ട്. പന്തിന്റെ അരങ്ങേറ്റത്തിന് ഇതോടെ കളമൊരുങ്ങിയിരിക്കുകയാണ്.

പരുക്കു മൂലം പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ടീമിലെടുത്തിട്ടില്ല. അതേസമയം, കരുണ്‍ നായര്‍ വീണ്ടും ടീമിലേക്ക് കടന്നു വന്നു. ഭുവിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് അറിയിക്കും. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമേ തീരുമാനം എടുക്കുകയുള്ളൂ. അയര്‍ലന്‍ഡിനെതിരായ ട്വന്റി-20യ്ക്കിടെ പരുക്കേറ്റ പേസര്‍ ബുമ്ര രണ്ടാം ടെസ്റ്റ് മുതല്‍ ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

വിന്‍ഡീസ് എ ടീമിനെതിരായ പ്രകടനമാണ് പന്തിനെ ടീമിലേക്ക് എത്തിച്ചത്. വൃദ്ധിമാന്‍ സാഹ പരുക്കില്‍ നിന്നും പൂര്‍ണമായി മോചിതനാകാത്തതിനാല്‍ ദിനേശ് കാര്‍ത്തിക്കായിരിക്കും കീപ്പര്‍. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലും കാര്‍ത്തിക് കളിച്ചിരുന്നു.

മുതിര്‍ന്ന താരങ്ങളായ ആര്‍.അശ്വിനും രവീന്ദ്ര ജഡേജയും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പര്യടനത്തില്‍ ഉജ്ജ്വല ഫോമിലുള്ള കുല്‍ദീപ് യാദവും ടീമിലുണ്ട്. പേസര്‍മാരായ ഇശാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും ശാര്‍ദുൽ ഠാക്കൂറും ഉമേഷ് യാദവും ടീമിലിടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടിയില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ഇശാന്ത് എത്തുന്നത്.

നേരത്തെ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടായിരുന്നു ഷമി ടീമില്‍ നിന്നും പുറത്തായത്. ഏകദിനത്തില്‍ നിന്നും ട്വന്റി-20യില്‍ നിന്നും ഒഴിവാക്കപ്പെട്ട അജിങ്ക്യ രഹാനെയും ടെസ്റ്റ് ടീമിലുണ്ട്. രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ഏകദിനത്തിലെ ഓപ്പണര്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ടീമിലില്ല.

ടീം; വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖര്‍ ധവാന്‍, മുരളീ വിജയ്, ചേതേശ്വര്‍ പൂജാര, അജിന്‍ക്യാ രഹാനെ, കരുണ്‍ നായര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര. ശാര്‍ദുൽ ഠാക്കൂര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ