ശ്രീലങ്കയ്ക്കെതിരായ ടി 20 പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തി. മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ബിസിസിഐയാണ് ടീമിനെ പ്രഖ്യാപിച്ചത്.
പരുക്കിനെ തുടർന്ന് ഏറെ നാളായി വിട്ടുനിൽക്കുകയായിരുന്ന ശിഖർ ധവാനും ജസ്പ്രീത് ബുംറയും ടീമിലേക്ക് മടങ്ങിയെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചു. ബോളർ മുഹമ്മദ് ഷമിക്കും ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്.
Read Also: ഇനിയൊരു ഇടവേള; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കാൻ രോഹിത് ശർമ
വെസ്റ്റ് ഇൻഡീസിനെതിരായ ടി 20 പരമ്പര നേട്ടത്തിനുശേഷം ഇന്ത്യ ശ്രീലങ്കയെ നേരിടാൻ ഒരുങ്ങുകയാണ്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ജനുവരി 5 ന് തുടക്കമാകും. ഗുവാഹത്തിയിലാണ് ആദ്യ മത്സരം. ജനുവരി 7 ന് ഇൻഡോറിൽ രണ്ടാം ടി 20യും 9 ന് പൂനെയിൽ മൂന്നാം ടി 20 മത്സരവും നടക്കും.
ശ്രീലങ്കയ്ക്കെതിരായ ടി 20 പരമ്പരയ്ക്കുളള ഇന്ത്യൻ ടീം
വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്നി, ശ്രാദുൽ ഠാക്കൂർ, മനീഷ് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, സഞ്ജു സാംസൺ
ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുശേഷം ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലാകും ഇന്ത്യൻ ടീം കളിക്കുക. മൂന്നു മത്സരങ്ങളടങ്ങിയതാണ് ഏകദിന പരമ്പര. ജനുവരി 14 ന് മുംബൈയിലാണ് ആദ്യ ഏകദിനം. ജനുവരി 17, 19 തീയതികളിലായി രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനം മത്സരം നടക്കും.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുളള ഇന്ത്യൻ ടീം
വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്നി, ശ്രാദുൽ ഠാക്കൂർ, മനീഷ് പാണ്ഡ്യ