ബംഗ്ലാദേശിനെതിരായ ടി20 മത്സരങ്ങൾക്കുളള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കും. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതോടെയാണ് രോഹിതിനെ ക്യാപ്റ്റനാക്കിയത്. 2018 ഒക്ടോബർ മുതൽ ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റിലുമായി 48 മത്സരങ്ങളാണ് കോഹ്ലി കളിച്ചത്. ഇതോടെയാണ് താരത്തിന് വിശ്രമം അനുവദിച്ചത്.
ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ശിവം ദുബെയും ഇടംനേടി. ഇന്ത്യൻ ടീമിലേക്ക് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹലും ശ്രാദുൽ ഠാക്കൂറും മടങ്ങിയെത്തിയിട്ടുണ്ട്.
ഈ മാസം നടന്ന കേരളയും ഗോവയും തമ്മിലുളള വിജയ് ഹസാരെ മത്സരത്തിൽ സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയിരുന്നു. 129 ബോളിൽനിന്നും 20 ഫോറും 10 സിക്സും ഉൾപ്പെടെ 212 റൺസാണ് സഞ്ജു അടിച്ചു കൂട്ടിയത്. സഞ്ജുവിന്റെ ഈ മികച്ച പ്രകടനം ഇന്ത്യൻ ടീമിൽ ഇടംനേടാൻ നിർണായകമായി.
ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ പരിമിത ഓവർ സീരീസിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയതാണ് ദുബെയ്ക്ക് ഇന്ത്യൻ ടീമിൽ അവസരം നേടിക്കൊടുത്തത്. അഞ്ചു ഏകദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽതന്നെ ഇടംകൈയ്യൻ ബാറ്റ്സ്മാനായ ദുബെ മികച്ച സ്കോർ നേടി. 60 ബോളിൽനിന്നും 79 റൺസാണ് ദുബെ നേടിയത്. മൂന്നാം മത്സരത്തിൽ 28 ബോളിൽനിന്നും 45 റൺസും നാലാം മത്സരത്തിൽ 17 ബോളിൽനിന്നും 31 റൺസും 26 കാരനായ ദുബെ നേടി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20, ടെസ്റ്റ് മത്സരങ്ങൾ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ബംഗ്ലാദേശിനെ നേരിടാൻ ഒരുങ്ങുന്നത്. മൂന്നു ടി20 മത്സരങ്ങളും രണ്ടു ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് ബംഗ്ലാദേശിനെതിരായ പരമ്പര. നവംബർ മൂന്നിനാണ് പരമ്പര തുടങ്ങുക.
ടി20 ഇന്ത്യൻ ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ.രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ക്രുണാൽ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹൽ, രാഹുൽ ചാഹർ, ദീപക് ചാഹർ, ഖലീൽ അഹമ്മദ്, ശിവം ദുബെ, ശാർദുൽ ഠാക്കൂർ.
മത്സരക്രമം
ആദ്യ ടി20, നവംബർ 3 (ഞായർ) ഫിറോസ് ഷാ കോട്ല ഗ്രൗണ്ട്, ന്യൂഡൽഹി
രണ്ടാം ടി20, നവംബർ 7 (വ്യാഴം), സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട്, രാജ്കോട് (ഗുജറാത്ത്)
മൂന്നാം ടി20, നവംബർ 10 (ഞായർ) വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, നാഗ്പൂർ (മഹാരാഷ്ട്ര)
ടെസ്റ്റ് മത്സരം
ആദ്യ ടെസ്റ്റ്, നവംബർ 14-18 (വ്യാഴം-തിങ്കൾ), ഹോൽകർ സ്റ്റേഡിയം, ഇൻഡോർ (മധ്യപ്രദേശ്)
രണ്ടാം ടെസ്റ്റ്, നവംബർ 22-26 (വെളളി-ചൊവ്വ), ഈഡൻ ഗാർഡൻസ്, കൊൽക്കത്ത (ബംഗാൾ)