ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് പരമ്പര നിലവിൽ സമനിലയിലാണ് നിൽക്കുന്നത്. അഡ്‍ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചപ്പോൾ പെർത്തിൽ ശക്തമായ തിരിച്ചു വരവാണ് ഓസ്ട്രേലിയ നടത്തിയത്. എന്നാൽ ഓസിസ് മണ്ണിലെ ആദ്യ പരമ്പര നേട്ടമെന്ന ഇന്ത്യൻ പ്രതീക്ഷകൾ ഇനിയും അവസാനിച്ചട്ടില്ലെന്നാണ് മുൻ വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ് പറയുന്നത്.

” ഇന്ത്യക്ക് ലഭിച്ച സുവർണാവസരം തന്നെയാണിത്. പെർത്തിൽ പരാജയപ്പെട്ടു എന്നത് ശരിയാണ്, എന്നാൽ ഇനിയും ഇന്ത്യക്ക് പരമ്പരയിലേക്ക് തിരിച്ചുവരാൻ സാധിക്കും. വിരാട് കോഹ്‍ലിയെന്ന നായകനാണ് ഇന്ത്യക്കുള്ളത്. വിജയിക്കാൻ അത്യധികം ആഗ്രഹിക്കുകയും കൂടെയുള്ള താരങ്ങളെ അതിലേക്ക് എത്തിക്കുകയും ചെയ്യുന്ന താരമാണ് കോഹ്‍ലി,” വിവിയൻ റിച്ചാർഡ്സ് എൻഡിടിവിയോട് പറഞ്ഞു.

സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇല്ലെങ്കിലും ഓസ്ട്രേലിയ ശക്തരാണെന്നും, കഴിവിലുള്ള കുറവ് മനോഭവത്തിൽ അവർ നികത്തുമെന്നും റിച്ചാർഡ്സ് പറഞ്ഞു. എന്നാൽ പരമ്പര നേടാൻ ഉള്ള സാധ്യത ഇപ്പോഴും ഇന്ത്യക്ക് തന്നെയാണെന്നും റിച്ചാർഡ്സ് കൂട്ടിച്ചേർത്തു.

ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് പരമ്പരയിൽ അവശേഷിക്കുന്നത്. ഡിസംബർ 26ന് മെൽബണിലാണ് അടുത്ത ടെസ്റ്റ്. പുതുവർഷത്തിൽ ജനുവരി മൂന്നിനാണ് അവസാന ടെസ്റ്റ് മത്സരം. നേരത്തെ നടന്ന ടി20 പരമ്പര സമനിലയിൽ അവസാനിച്ചിരുന്നു. ഇരു ടീമുകളും ഓരോ മത്സരങ്ങൾ വിജയിക്കുകയായിരുന്നു. ഇതിന് പുറമെ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook